പി വി അന്‍വറിന്റെ രാജി നിലമ്പൂരില്‍ യാതൊരു വിധ ചലനവും ഉണ്ടാക്കില്ല: വി പി അനില്‍

1 min read
SHARE

പിവി അന്‍വര്‍ നിലമ്പൂര്‍ എംഎല്‍എ സ്ഥാനം രാജി വെച്ചതില്‍ പ്രതികരണവുമായി സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി വി.പി അനില്‍. അന്‍വര്‍ രാജിവെച്ചതുകൊണ്ട് നിലമ്പൂരില്‍ യാതൊരു വിധ ചലനവും ഉണ്ടാക്കില്ലെന്നും അന്‍വറിന്റെ രാജിയില്‍ അന്‍വര്‍ പാഠം പഠിച്ചു എന്നല്ലാതെ ഒന്നുമില്ലെന്നും വി പി അനില്‍ പറഞ്ഞു.

അന്‍വറിന് അനുകൂലമായ ഒരു സാഹചര്യവും നിലമ്പൂരില്‍ ഇല്ല. ഒരാളെപ്പോലും പാര്‍ട്ടിയില്‍ നിന്ന് കൂടെ പിടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. പലതവണ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇടതുപക്ഷ മുന്നണിയെ സംബന്ധിച്ചിടത്തോളം ഒരുതരത്തിലുള്ള തിരിച്ചടിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉപ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഉചിതമായ തീരുമാനം എടുക്കുമെന്നും ഉചിതമായ ഒരു സ്ഥാനാര്‍ത്ഥി ഉണ്ടായിരിക്കുമെന്നും വി പി അനില്‍ വ്യക്തമാക്കി.

പിവി അൻവർ രാജിവെച്ചാലും ഒരു ചലനവും ഉണ്ടാകില്ലെന്നും അൻവറിന്‍റേത് അറു പിന്തിരിപ്പൻ നയങ്ങളാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്ററും പറഞ്ഞു. അൻവർ നേരത്തെ തന്നെ യുഡിഎഫിന്‍റെ ഭാഗമായിരുന്നുവെന്നും ഒടുവിൽ അവിടെ ചെന്നേ ചേരൂ എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.