രാവണൻ്റെ അഹങ്കാരത്തിന് നിലനിൽപ്പില്ല, അന്തിമവിജയം ധർമത്തിന്, കൗരവസഭയിൽ അപമാനിക്കപ്പെട്ട പാഞ്ചാലി’: പോസ്റ്റുമായി സ്വാതി മാലിവാൾ
1 min read

സ്വന്തം പാർട്ടിക്കെതിരെ പരോക്ഷമായ ആക്ഷേപം ഉന്നയിച്ച് ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എംപി സ്വാതി മാലിവാൾ.
തെരഞ്ഞെടുപ്പ് കാലത്ത് ഡൽഹിയിലെ വിഷയങ്ങളെക്കുറിച്ച് ശബ്ദമുയർത്തിയ മാലിവാൾ, എക്‌സിലെ ഒരു പോസ്റ്റിൽ മഹാഭാരതത്തിലെ ദ്രൗപദിയുടെ വസ്ത്രാക്ഷേപത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തു. “രാവണൻ്റെ അഹങ്കാരത്തിനു പോലും നിലനിൽപ്പ് ഉണ്ടായിട്ടില്ല” അവർ പറഞ്ഞു.
മഹാഭാരതത്തിലെ പാഞ്ചാലി വസ്ത്രാക്ഷേപവും കൗരവസഭയിൽ വച്ച് ദ്രൗപദി അപമാനിതയായപ്പോൾ രക്ഷിക്കാനെത്തുന്ന ശ്രീകൃഷ്ണനുമാണ് ചിത്രത്തിലുള്ളത്. അടിക്കുറിപ്പൊന്നും ഇല്ലാതെ എക്സിലാണ് സ്വാതി മാലിവാൾ ചിത്രം പങ്കുവച്ചത്.
അധർമത്തിന്റെ മേലുള്ള ധർമത്തിന്റെ വിജയത്തെ പരോക്ഷമായി ആഘോഷിക്കുകയാണ് സ്വാതി മാലിവാൾ. സ്വന്തം പാർട്ടിയിൽ നിന്ന് താൻ നേരിട്ട ദുരനുഭവം ഓർമിക്കുന്നതാണ് സ്വാതി മാലിവാളിന്റെ പോസ്റ്റ്. മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ പി എ ബൈഭവ് കുമാറിന്റെ അതിക്രമവും അത് കണ്ട് നിശ്ചലമായി നിന്ന സുരക്ഷാ ഉദ്യോഗസ്ഥരും കൗരവസഭയ്‌ക്ക് സമാനം. പാർട്ടിക്കെതിരെ ധൈര്യത്തോടെ ശബ്ദമുയർത്തിയ സ്ത്രീ ശക്തിയായിരുന്നു സ്വാതി.
ഒരു കാലത്ത് എഎപിയുടെ നാവായി പ്രവർത്തിച്ച് അരവിന്ദ് കെജരിവാളിന് വേണ്ടി പ്രതിരോധങ്ങൾ തീർത്ത സ്വാതി മാലിവാൾ നിരവധി സംഭവങ്ങളിൽ പാർട്ടിക്കെതിരെ തുറന്നടിച്ചു. തന്നെ അപായപ്പെടുത്താൻ കെജരിവാൾ ശ്രമിക്കുന്നുവെന്ന് വെളിപ്പെടുത്തിക്കൊണ്ടാണ് സ്വാതി മാലിവാൾ ആം ആദ്മി പാർട്ടിക്കെതിരെ പോരാട്ടം തുടങ്ങിയത്.
