ലാൻഡിംഗ് കഴിഞ്ഞ് 15 മിനിറ്റിനുള്ളിൽ എത്തിച്ചേരാനാകും, താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഹോട്ടൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
1 min read

സിയാലിന്റെ പുതിയ സംരംഭമായ ‘താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഹോട്ടൽ’ ഡിസംബർ 28 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ദക്ഷിണേന്ത്യയിലെ വ്യോമയാന ഹബ്ബായി മാറാനുള്ള കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ ശ്രമങ്ങൾക്ക് കരുത്തുപകരുന്ന സിയാലിന്റെ പുതിയ സംരംഭമാണിതെന്നും മന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ മാത്രം പത്തിലധികം വലിയ പദ്ധതികൾ നടപ്പിലാക്കിയ സിയാൽ യാത്രക്കാർക്ക് പരമാവധി സേവനങ്ങൾ ഒരുക്കാനും പുതിയ സർവീസുകൾ ആരംഭിക്കാനും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനുമായി നടപ്പിലാക്കിവരുന്ന മാസ്റ്റർ പ്ലാനിന്റെ ഭാഗമായാണ് ഇപ്പോൾ താജ് ഹോട്ടലും ആരംഭിക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി .
ടെർമിനലുകളിൽ നിന്ന് 500 മീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഹോട്ടലിലേയ്ക്ക് ലാൻഡിംഗ് കഴിഞ്ഞ് 15 മിനിറ്റിനുള്ളിൽ എത്തിച്ചേരാനാകും. താജ് ക്ലബ് ലോഞ്ച്, ഒരു വശത്ത് റൺവേയും മറുവശത്ത് കേരളത്തിന്റെ മനോഹാരിത കാണാൻ സാധിക്കുന്നതുമായ 111 മുറികൾ, പ്രസിഡൻഷ്യൽ സ്യൂട്ടുകൾ, ബാങ്ക്വെറ്റ് ഹാളുകൾ, ബോർഡ് റൂമുകൾ, പ്രീ-ഫംഗ്ഷൻ ഏരിയ, സിമ്മിംഗ് പൂൾ, വിസ്തൃതമായ ലോബി, ബാർ, ഫിറ്റ്നസ് സെന്റർ എന്നീ സൗകര്യങ്ങൾ ഹോട്ടലിലുണ്ട് എന്നും മന്ത്രി വ്യക്തമാക്കി. താജ് ഹോട്ടൽ ഉൾപ്പെടെയുള്ള 10 മെഗാ പദ്ധതികൾ കൂടാതെ 163 ചെറിയ പദ്ധതികളും സിയാൽ ഈ കാലയളവിൽ നടപ്പിലാക്കിയിട്ടുണ്ട് മന്ത്രി കുറിച്ചു.
