വായനാ സംസ്‌കാരവും ചിന്തകളും നിശ്ചലമാകരുത്: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

1 min read
SHARE

ആധുനിക ശാസ്ത്ര സാങ്കേതിക ഭൗതിക സമ്മർദങ്ങളിൽ പെട്ട് വായനാ സംസ്‌കാരവും ചിന്തകളും നിശ്ചലമാകരുതെന്ന് രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. വായനാ മാസാചരണത്തിന്റെ ജില്ലാതല സമാപന ചടങ്ങിന്റെ ഉദ്ഘാടനം കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരളം, പി എൻ പണിക്കർ ഫൗണ്ടേഷൻ, സാക്ഷരതാമിഷൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ, വിദ്യാരംഗം കലാ സാഹിത്യ വേദി എന്നിവരുടെ സഹകരണത്തോടെയാണ് വായനാ മാസാചരണം സംഘടിപ്പിച്ചത്.
വായനാ സംസ്‌കാരത്തിലേക്ക് നമ്മൾ തിരിച്ചു പോകണമെന്നും വായനാശീലം സമൂഹത്തിൽ നിന്ന് ക്രമേണ അപ്രത്യക്ഷമായി തുടങ്ങിയെന്നത് ഒരു യാഥാർഥ്യമാണന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തിന്റെ യാഥാർഥ്യത്തിലേക്കും ജന്മസിദ്ധമായ കഴിവിലേക്കും തിരിച്ചു പോയാൽ മാത്രമെ വായന ഒരു സംസ്‌കാരമായി കൊണ്ടു പോകാൻ സാധിക്കു എന്നും മന്ത്രി ഓർമ്മിപ്പിച്ചു.
കുട്ടികൾ വായനയുടെ ബ്രാൻഡ് അംബാസഡറായി മാറണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ജില്ലാ കലക്ടർ അരുൺ കെ വിജയൻ പറഞ്ഞു. വായനാശീലം എന്നുള്ളത് കൂടുതൽ പുസ്തകങ്ങൾ വായിക്കുക എന്നുള്ളതല്ല, നല്ല കാര്യങ്ങൾ തേടി പിടിച്ചു വായിക്കുക എന്നതാണെന്നും  കലക്ടർ പറഞ്ഞു. ‘വാർത്തകൾക്കപ്പുറം’ സ്‌കൂൾ ന്യൂസ് ലെറ്റർ മത്സരം, നോവൽ ആസ്വാദന മത്സരം, തിരക്കഥാ രചനാ മത്സരം എന്നിവയിലെ വിജയികൾക്കുള്ള സമ്മാനദാനവും മന്ത്രി നിർവഹിച്ചു.
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കണ്ണൂർ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഇ കെ പത്മനാഭൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി പി വിനീഷ്, കേരള ദിനേശ് ചെയർമാൻ എം കെ ദിനേശ് ബാബു, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ വിജയൻ, ഡി ഡി എജ്യുക്കേഷൻ അഡ്മിനിസ്‌ട്രേറ്റീവ് അസി. എ എസ് ബിജേഷ്, എസ് എസ് കെ ജില്ലാ പ്രൊജക്ട് കോ ഓർഡിനേറ്റർ ഇ സി വിനോദ്, വിദ്യാകിരണം ജില്ലാ കോ ഓർഡിനേറ്റർ കെ സി സുധീർ, പി എൻ പണിക്കർ ഫൗണ്ടേഷൻ സെക്രട്ടറി പി കെ പ്രേമരാജൻ, അസി. ഇൻഫർമേഷൻ ഓഫീസർ പി എസ് സജിമോൻ  എന്നിവർ സംസാരിച്ചു.