July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 5, 2025

വായനയ്ക്ക് കാഴ്ച പരിമിതിയാവില്ല; ക്ലാസിക് കൃതികളുടെ ബ്രെയിലി പതിപ്പ് പ്രകാശനം ചെയ്തു

1 min read
SHARE

 

കാഴ്ച പരിമിതിയുള്ളവർക്ക് പുത്തൻ വായനാനുഭവമൊരുക്കി കണ്ണൂർ ജില്ലാ പഞ്ചായത്ത്. മലയാളത്തിലെ പത്ത് ക്ലാസിക് കൃതികളുടെ ബ്രെയിലി പതിപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി പ്രകാശനം ചെയ്തു. ഭിന്നശേഷി സൗഹൃദ ജില്ലാ പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റമാണ് പദ്ധതിയെന്നും കാഴ്ച പരിമിതിയുള്ളവരെ ഉയർത്തിക്കൊണ്ടുവരുന്നതിന് ഇത്തരം പദ്ധതികൾ സഹായകരമാകുമെന്നും പ്രസിഡൻറ് പറഞ്ഞു. കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡുമായി കരാറിലേർപ്പെട്ടാണ് ഒമ്പത് നോവലുകളും ഒരു കവിതാ സമാഹാരവും ഉൾപ്പെടുന്ന ബ്രെയിലി പതിപ്പ് പുറത്തിറക്കിയത്. ഖസാക്കിന്റെ ഇതിഹാസം (ഒ. വി വിജയൻ), നെയ്പ്പായസം (മാധവിക്കുട്ടി), ചെമ്മീൻ (തകഴി), പാത്തുമ്മയുടെ ആട് (വൈക്കം മുഹമ്മദ് ബഷീർ), കാലം (എം.ടി വാസുദേവൻ നായർ), മയ്യഴിപ്പുഴയുടെ തീരങ്ങളിൽ (എം. മുകുന്ദൻ), ആയുസ്സിന്റെ പുസ്തകം (സി.വി. ബാലകൃഷ്ണൻ), ആടുജീവിതം (ബെന്യാമിൻ), ആരാച്ചാർ (കെ.ആർ. മീര) കൂടാതെ, കുമാരനാശാൻ, വള്ളത്തോൾ, വയലാർ, ഒ.എൻ.വി, സുഗതകുമാരി, ബാലചന്ദ്രൻ ചുള്ളിക്കാട് എന്നിവരുടെ പ്രശസ്ത കവിതകൾ ഉൾപ്പെടുത്തിയ കവിതാ സമാഹാരം എന്നിവയാണ് പുറത്തിറക്കിയത്.

ലൈബ്രറി കൗൺസിലുമായി സഹകരിച്ച് കാഴ്ച പരിമിതർ അംഗങ്ങളായ വായനശാലകളിൽ പുസ്തകങ്ങൾ എത്തിച്ചുനൽകും. വായിച്ചതിനുശേഷം വീണ്ടും ലൈബ്രറി കൗൺസിലിൽ എത്തിക്കും. ജില്ലാ സാമൂഹ്യ നീതി ഓഫീസറാണ് പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥൻ. ജില്ലാ പഞ്ചായത്ത് 2023-24 വർഷത്തെ നൂതന പദ്ധതിയിൽ ഉൾപ്പെടുത്തി 3,45631 രൂപ ചെലവഴിച്ചാണ് പുസ്തകങ്ങൾ പുറത്തിറക്കിയത്. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.കെ സുരേഷ് ബാബു പദ്ധതി വിശദീകരണം നടത്തി. ട്രെയിനർ കെ.പി അബ്ദുള്ള കാഴ്ചപരിമിതർക്കുള്ള ഓറിയന്റേഷൻ ക്ലാസെടുത്തു.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ എൻ.വി ശ്രീജിനി, യു.പി ശോഭ, അഡ്വ.ടി. സരള, ജില്ലാ പഞ്ചായത്ത് അംഗം മുഹമ്മദ് അഫ്സൽ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടൈനി സൂസൻ ജോൺ, ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയർ സൂപ്രണ്ട് പി.കെ.നാസർ, കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് ജില്ലാ സെക്രട്ടറി ടി.എൻ മുരളീധരൻ, ബ്ലൈൻഡ് ഫെഡറേഷൻ വൈസ് പ്രസിഡന്റ് പ്രശാന്ത് എന്നിവർ സംസാരിച്ചു.