മാഡ്രിഡിനെ മറികടന്ന് റയൽ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ
1 min read

അത്ലറ്റിക്കോ മാഡ്രിഡിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്ന് റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ആദ്യ പാദത്തിൽ 2-1 ന്റെ ജയവുമായി എത്തിയ റയലിനെ പിടിച്ചുകെട്ടിയ പ്രകടനമാണ് അത്ലറ്റിക്കോ മാഡ്രിഡ‍് നടത്തിയത് എങ്കിലും പെനൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുകയായിരുന്നു. രണ്ടാംപാദ മത്സരത്തിന്റെ ആദ്യ 30 സെക്കന്റുകൾക്കുള്ളിൽ തന്നെ റയലിനെ ഞെട്ടിച്ച് ഗോൾ നേടി അഗ്രിഗേറ്റ് ടോട്ടലിനൊപ്പം എത്താൻ അത്ലറ്റിക്കോ മാഡ്രിഡിന് സാധിച്ചു.
കൊണർ ഗാലഗറാണ് അത്ലറ്റിക്കോയ്ക്ക് വേണ്ടി ഗോൾ നേടിയത്. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും എക്സ്ട്രാ ടൈമുകളിലും ഇരുടീമുകൾക്കും ഗോൾ നേടാനായില്ല ഇതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടിൽ 4-2നാണ് റയലിന്‍റെ ജയം.
70-ാം മിനിറ്റിൽ റയലിന് എംബാപ്പെയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി വിനീഷ്യസ് ജൂനിയർ പുറത്തേക്കടിച്ച് പാഴാക്കുകയും ചെയ്തിരുന്നു. അവസാനം ഭാഗ്യ നിർഭാഗ്യങ്ങൾ നിറഞ്ഞുനിന്ന നാടകീയ രാത്രിയിക്കൊടുവിൽ ഷൂട്ടൗട്ടിൽ റയൽ ജയം നേടുകയായിരുന്നു.
