കാവുമ്പായിയുടെ രണസ്മരണ പുതുക്കി
1 min read

ശ്രീകണ്ഠപുരം:ജന്മി നാടുവാഴിത്വത്തിനും സാമ്രാജ്യത്വത്തിനുമെതിരെ പൊരുതിയ കവുമ്പായിലെ രണധീരർക്ക് നാടിന്റെ സ്മരണാഞ്ജലി. കാവുമ്പായി രക്തസാക്ഷിത്വത്തിന്റെ എഴുപത്തി എട്ടാമത് അനുസ്മരണദിനത്തിൽ ആയിരങ്ങൾ ധീരസ്മരണ പുതുക്കി. സമരക്കുന്നിൽ രക്തസാക്ഷികളായ തെങ്ങിൽ അപ്പനനമ്പ്യാർ, പി കുമാരൻ, പുളുക്കൂൽ കുഞ്ഞിരാമൻ, ആലോറമ്പൻകണ്ടി കൃഷ്ണൻ, മഞ്ഞേരി ഗോവിന്ദൻ എന്നിവരുടെ സ്മരണകളാണ് പുതുക്കിയത്.
കാവുമ്പായി സമരക്കുന്നിൽ തിങ്കൾ രാവിലെ ആറിന് സിപിഐ എം ശ്രീകണ്ഠപുരം ഏരിയ സെക്രട്ടറി എം സി രാഘവൻ പതാക ഉയർത്തി. എം സി ഹരിദാസൻ, പി വി ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. വൈകിട്ട് കൂട്ടുമുഖം പാലം കേന്ദ്രീകരിച്ചു ബാന്റ് മേളങ്ങളുടെ അകമ്പടിയോടെ റെഡ് വളണ്ടിയർ മാർച്ചും പ്രകടനവും നടന്നു. ഐച്ചേരിയിലെ കാവുമ്പായി രക്തസാക്ഷി നഗറിൽ അനുസ്മരണ സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജു ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എം സി ഹരിദാസൻ അധ്യക്ഷനായി. കൺവീനർ പി വി ചന്ദ്രൻ സ്വാഗതം പറഞ്ഞു. സിപിഐ സംസ്ഥാന കമ്മിറ്റി അംഗം സത്യൻ മൊകേരി, സോഫിയ മെഹർ, ടി കെ ഗോവിന്ദൻ, പി വി ഗോപിനാഥ്, പി കെ മധുസൂദനൻ, എം സി രാഘവൻ, പി മധുസൂദനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നകുമാരി എന്നിവർ സംസാരിച്ചു. പ്രശസ്ത എഴുത്തുകാരി ശാന്ത കാവുമ്പായി രചിച്ച ഡിസംബർ 30 എന്ന കാവുമ്പായി സമരത്തെ ആസ്പദമാക്കിയുള്ള പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനം പി കെ ബിജു നിർവഹിച്ചു. സിപിഐ എം ശ്രീകണ്ഠാപുരം ഏരിയ സെക്രട്ടറി എംസി രാഘവൻ പുസ്തകം ഏറ്റുവാങ്ങി. തുടർന്ന് തിരുവനന്തപുരം സൗപർണികയുടെ നാടകം മണികർണ്ണിക അരങ്ങിലെത്തും.
