ബീറ്റിംഗ് ദി റിട്രീറ്റ് ചടങ്ങ് നിർത്തിവച്ചേക്കുമെന്ന് റിപ്പോർട്ട്: നീക്കം പഹൽഗാം ഭീകരാക്രമണ പശ്ചാത്തലത്തിൽ
1 min read

അട്ടാരി അതിർത്തിയിലെ അതിർത്തി സുരക്ഷാ സേനയുടെ (ബിഎസ്എഫ്) ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ് താൽക്കാലികമായി നിർത്തിവച്ചേക്കുമെന്ന് റിപ്പോർട്ട്. പഞ്ചാബിലെ അതിർത്തിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് (ഐസിപി) അടിയന്തരമായി അടച്ചുപൂട്ടുന്നതായി സർക്കാർ പ്രഖ്യാപിച്ചതിന് ശേഷമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഇപ്പോൾ പുറത്ത് വരുന്നത്.
അതേസമയം ഇത് സംബന്ധിച്ച് ദില്ലി ആസ്ഥാനത്ത് നിന്ന് ഇതുവരെ ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് സ്ഥലത്തെ ബിഎസ്എഫ് ഉദ്യോഗസ്ഥർ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.ചടങ്ങിനെക്കുറിച്ചോ അട്ടാരിയിലേക്കുള്ള വിനോദസഞ്ചാരികളുടെ നീക്കത്തെക്കുറിച്ചോ ഇതുവരെ ഔദ്യോഗിക ഉത്തരവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അമൃത്സർ ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥനും ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്.
എല്ലാ ഉച്ചകഴിഞ്ഞും, സമീപത്തുള്ള അമൃത്സർ നഗരത്തിൽ നിന്നും മറ്റ് ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് വിനോദസഞ്ചാരികൾ അതിർത്തി സന്ദർശിക്കാനും വൈകുന്നേരം ബിഎസ്എഫും പാകിസ്ഥാൻ റേഞ്ചേഴ്‌സും സംയുക്തമായി നടത്തുന്ന ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിൽ പങ്കെടുക്കാനും എത്തുന്നുണ്ട്. പാകിസ്ഥാൻ പൗരന്മാരും വാഗയിലെ അതിർത്തിയിലേക്ക് ഇത് കാണാനെത്തുന്നുണ്ട്.
