ഹെയ്തിയിൽ കൂട്ടക്കുരുതി: ആൾക്കൂട്ട ആക്രമണത്തിൽ 70 പേർ കൊല്ലപ്പെട്ടു

1 min read
SHARE

ഹെയ്തിയെ ഞെട്ടിച്ച് വൻ ആൾക്കൂട്ട ആക്രമണം. പടിഞ്ഞാറൻ ഹെയ്തിയിൽ നടന്ന അക്രമണത്തിൽ എഴുപത് പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇതിൽ പത്ത് സ്ത്രീകളും മൂന്ന് നവജാത ശിശുക്കളും ഉൾപ്പെട്ടിട്ടുണ്ട്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ആറായിരത്തിലധികം പേർ സ്ഥലത്ത് നിന്നും പലായനം ചെയ്തുവെന്നാണ് വിവരം. അക്രമികൾ നാല്പതിലധികം വീടുകളും വാഹനങ്ങളും അഗ്നിക്കിരയാക്കി. ആക്രമണത്തിൽ യുഎൻ വലിയ ഞെട്ടൽ രേഖപ്പെടുത്തി. അക്രമികൾ ജനങ്ങൾക്ക് മേൽ വെടിവെപ്പ് നടത്തുകയായിരുന്നുവെന്ന് യുഎൻ വക്താവ് തമീൻ അൽ ഖീതൻ അറിയിച്ചു. അതേസമയം ഹെയ്തിയിലെ മൾട്ടിനാഷണൽ സെക്യൂരിറ്റി സപ്പോർട്ട് മിഷന് അന്താരാഷ്ട്ര സാമ്പത്തിക, ലോജിസ്റ്റിക് പിന്തുണ വർദ്ധിപ്പിക്കണമെന്ന് യുഎൻ മനുഷ്യാവകാശ ഓഫീസ് ആവശ്യപ്പെട്ടു. ആക്രമണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താനും ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും നഷ്ടപരിഹാരം ഉറപ്പാക്കാനും ഹെയ്തി അധികാരികളുടെ അടിയന്തിര ആവശ്യവും ഓഫീസ് ഊന്നിപ്പറഞ്ഞു.