ശബരിമല വിമാനത്താവളം: സൈറ്റ് ക്ലിയറന്‍സ് 2025 ഏപ്രില്‍ വരെ, ഡി.പി.ആറിന് തിരക്കിട്ട നീക്കം.

1 min read
SHARE

കോട്ടയം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചതോടെ ശബരിമല വിമാനത്താവളത്തിന്റെ ഡിപിആര്‍ (വിശദ പദ്ധതി റിപ്പോര്‍ട്ട്) തയ്യാറാക്കാനുള്ള നീക്കം പുനരാരംഭിച്ചു. സാങ്കേതിക സാമ്ബത്തിക സാധ്യതാ റിപ്പോര്‍ട്ട്, കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ സൈറ്റ് ക്ലിയറന്‍സ്, പ്രതിരോധ മന്ത്രാലയത്തിന്റെയും ആഭ്യന്തരമന്ത്രാലയത്തിന്റെയും സുരക്ഷാ അനുമതി എന്നിവ ഇതിനകം ലഭിച്ചിട്ടുണ്ട് . ഈ സാഹചര്യത്തിലാണ് ഡിപിആര്‍ തയ്യാറാക്കാന്‍ ഫ്രഞ്ച് സംരംഭമായ അസിസ്‌റ്റെം സ്റ്റൂപ്പിനെ ചുമതലപ്പെടുത്തിയത്. ആറുമാസത്തിനകം റിപ്പോര്‍ട്ട് ലഭ്യമാക്കാനാണ് നിര്‍ദേശം. പരിസ്ഥിതി അനുമതിയും ഇനി ലഭിക്കാനുണ്ട് . ഡി.പി. ആര്‍ കൂടി ലഭിച്ചാലേ വ്യോമയാന മന്ത്രാലയത്തിന്റെ അംഗീകാരത്തിന് അപേക്ഷിക്കാനാവൂ. അതു ലഭിച്ചാല്‍ വിമാനത്താവള കമ്ബനി രൂപീകരിച്ച്‌ നിര്‍മ്മാണം തുടങ്ങാം. എന്നാല്‍ സൈറ്റ് ക്ലിയറന്‍സ് കാലാവധി 2025 ഏപ്രിലില്‍ അവസാനിക്കും. അതിനകം വ്യോമയാന മന്ത്രാലയത്തിന്റെ അംഗീകാരം നേടിയെടുത്തില്ലെങ്കില്‍ കിട്ടിയ അനുമതികളെല്ലാം അസാധുവാകുകയും ചെയ്യാം. ചെറുവള്ളി എസ്റ്റേറ്റും അടുത്തുള്ള സ്വകാര്യഭൂമിയും ചേര്‍ത്ത് 2410 ഏക്കര്‍ ഏറ്റെടുക്കാനുള്ള വിജ്ഞാപനത്തിനെതിരെ എസ്റ്റേറ്റ് ഉടമസ്ഥരായ അയന ചാരിറ്റബിള്‍ സൊസൈറ്റി ഹൈക്കോടതിയില്‍ നിന്ന് വാങ്ങിയ സ്റ്റേ നീക്കേണ്ടതും മറ്റൊരു കടമ്പയാണ്