കുറ്റവാളികളെ ജാതിയും മതവും വേർതിരിച്ച് പറയുന്നത് സംഘപരിവാർ രീതി; കെ ടി ജലീല്‍ എംഎൽഎയെ വിമർശിച്ച് കെ എം ഷാജി

1 min read
SHARE

കരിപ്പൂരിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പരാമർശത്തിൽ കെ ടി ജലീല്‍ എംഎൽഎയെ വിമർശിച്ച് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. കുറ്റവാളികളെ ജാതിയും മതവും വേർതിരിച്ച് പറയുന്നത് സംഘപരിവാർ രീതിയാണ്. കെ ടി ജലീലിന്റെത് മാധ്യമ ശ്രദ്ധ കിട്ടാനുള്ള ശ്രമമാണെന്നും കെ എം ഷാജി പറഞ്ഞു. കേരളത്തിലെ പിണറായി വിജയൻറെ സംഘപരിവാർ അനുക്കൂല രീതികളെ ന്യായികരിക്കുന്ന നിലപാടാണെന്നും കെ എം ഷാജി പറഞ്ഞു. അതേസമയം സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സിപിഎം സഹയാത്രികൻ കെടി ജലീൽ നടത്തിയ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം രംഗത്തെത്തി . ജലീലിൻ്റെ പ്രസ്താവന നികൃഷ്ടവും അപകടകരവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു സമുദായത്തെ മുഴുവൻ കുറ്റവാളികളായി ചിത്രീകരിക്കുകയാണ്. ബിജെപി നേതാക്കൾ പോലും പറയാത്ത കാര്യമാണ് ജലീൽ പറയുന്നത്. ഒരു സമുദായം മാത്രം സ്വർണ്ണം കടത്തുന്നുവെന്ന പ്രതീതി ഉണ്ടാക്കുന്നു. ഈ പ്രസ്താവന സ്വന്തം നിലനിൽപ്പിന് വേണ്ടി മാത്രമുള്ളതാണ്. എന്തെങ്കിലും നേട്ടത്തിന് വേണ്ടി ഒരു സമുദായത്തെ ഇരയാക്കരുത്. ഇതാണോ സിപിഐഎം നിലപാട് എന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.