സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷം നിലനിർത്തും’;ഒറ്റക്കെട്ടായി പ്രമേയം പാസാക്കി സർവ്വകക്ഷി യോഗം
1 min read

തിരുവനന്തപുരം: കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത സർവ്വകക്ഷിയോഗം അവസാനിച്ചു. സർവ്വകക്ഷി യോഗത്തിൽ എല്ലാ പാർട്ടികളും ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കി. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷം ജീവൻ കൊടുത്തും നിലനിർത്തുമെന്നും, അതാണ് കേരളത്തിന്റെ പാരമ്പര്യമെന്നുമാണ് പ്രമേയത്തിലുള്ളത്. ഒറ്റപ്പെട്ട സംഭവങ്ങളെ മുൻനിർത്തി കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം തകർക്കാൻ ശ്രമം നടക്കുകയാണ്. രാജ്യവിരുദ്ധവും സമൂഹവിരുദ്ധവുമായ ദുഷ്ടലാക്ക് തിരിച്ചറിയാനുള്ള ജാഗ്രത ഓരോ മനുഷ്യനും ഉണ്ടാകണമെന്നും പ്രമേയത്തിൽ പറയുന്നു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്കെതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.
