April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 18, 2026

മുഖ്യമന്ത്രി മോഹം ഉണ്ടായിരുന്നില്ലെന്ന് ശശി തരൂര്‍; തരൂരിന് അര്‍ഹമായ പ്രാധാന്യം ഉറപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി’; കൂടിക്കാഴ്ചയുടെ കൂടുതല്‍ വിവരങ്ങള്‍

SHARE

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ഡോ. ശശി തരൂര്‍ എംപി നടത്തിയ കൂടിക്കാഴ്ചയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊച്ചിയിലെ മഹാപഞ്ചായത്ത് പരിപാടിക്കിടെ ഉണ്ടായ അതൃപ്തി ശശി തരൂര്‍ നേതൃത്വത്തെ അറിയിച്ചു. തനിക്ക് മുഖ്യമന്ത്രി മോഹം ഉണ്ടായിരുന്നില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി. ഡോക്ടര്‍ ശശി തരൂരിന് പാര്‍ട്ടിയില്‍ അര്‍ഹമായ പ്രാധാന്യം ഉറപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു.

തിരുവനന്തപുരത്തു നിന്നുള്ള എംപിയാണ് താന്‍. ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും ശശി തരൂര്‍ വ്യക്തമാക്കിയെന്നാണ് വിവരം. കേരളത്തിലെ തിരഞ്ഞെടുപ്പ് നിര്‍ണായകമെന്നും നേതാക്കള്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിതെന്നും രാഹുല്‍ഗാന്ധി കൂടിക്കാഴ്ചയില്‍ തരൂരിനോട് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

അനുനയ നീക്കത്തിന് പിന്നാലെ തരൂര്‍ ഇന്ന് കെപിസിസി ആസ്ഥാനത്ത് എത്തി. മഹാത്മാ ഗാന്ധി രക്തസാക്ഷി അനുസ്മരണത്തില്‍ പങ്കെടുത്തു.നിയമസഭ തിരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തിലായിരുന്നു നേതൃത്വത്തിന്റെ അനുനയനീക്കം. പരിഭവവും അതൃപ്തിയും തരൂര്‍ പ്രകടമാക്കിയതിന് പിന്നാലെ ആയിരുന്നു രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച. പാര്‍ലമെന്റില്‍ നടന്ന കൂടിക്കാഴ്ച രണ്ട് മണിക്കൂര്‍ നീണ്ടു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിക്കൊപ്പം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. തന്റെ പരാതികള്‍ കൂടിക്കാഴ്ചയില്‍ ശശി തരൂര്‍ നേതൃത്വത്തെ അറിയിച്ചു.

എല്ലാം തുറന്നു സംസാരിച്ചു. ചര്‍ച്ച സൗഹാര്‍ദ്ദപരം ആയിരുന്നു എന്നും താനും പാര്‍ട്ടിയും ഒരേ ദിശയില്‍ എന്നും കൂടിക്കാഴ്ചക്ക് ശേഷം ശശി തരൂര്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. സിപിഐഎമ്മിലേക്ക് പോകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ തരൂര്‍ തള്ളി തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ കൂടുതല്‍ സജീവമാകുമെന്ന് നേതൃത്വത്തിന് ഉറപ്പ് നല്‍കിയതായും ശശി തരൂര്‍ പറഞ്ഞു.

കൊച്ചിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച മഹാ പഞ്ചായത്തില്‍ വേണ്ട പരിഗണന ലഭിക്കാത്തതില്‍ ശശി തരൂരിന് അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു പിന്നാലെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള കോണ്‍ഗ്രസിന്റെ യോഗത്തിലും ശശി തരൂര്‍ പങ്കെടുത്തിരുന്നില്ല.