1 min read
SHARE

മറുനാട്ടിൽനിന്ന് ഓണത്തിന് നാട്ടിലെത്താൻ മലയാളി കഷ്ടപ്പെടും. ഓണം സ്പെഷ്യൽ ട്രെയിനുകളിൽ ടിക്കറ്റിന് അമിതനിരക്കാണ് റെയിൽവേ ഈടാക്കുന്നത്. ഓണം സ്പെഷ്യലായി ഓടിക്കുന്ന ട്രെയിനുകളിൽ തത്കാൽ നിരക്കാണ് റെയിൽവേ ഈടാക്കുന്നത്. റെയിൽവേ പ്രഖ്യാപിച്ച സ്പെഷ്യൽ ട്രെയിനുകളിൽ സ്ലീപ്പർ ക്ലാസിൽ 100 മുതൽ 200 രൂപവരെയും എ സി ചെയർകാറിന്‌ 125 മുതൽ 225 രൂപവരെയും എ സി ത്രീടയറിന്‌ 300 മുതൽ 400 രൂപ വരെയും സെക്കൻഡ്‌ എ സിയിൽ 400 മുതൽ 500 രൂപവരെയുമാണ്‌ അധികമായി ഈടാക്കുന്നത്.

എറണാകുളം–യെലഹംഗ ജങ്‌ഷൻ സ്പെഷ്യൽ (06101), യെലഹംഗ–എറണാകുളം ജങ്‌ഷൻ (06102), താംബരം–കൊച്ചുവേളി പ്രതിവാര സ്പെഷ്യൽ(06035), കൊച്ചുവേളി–താംബരം പ്രതിവാര സ്പെഷ്യൽ(06153), മംഗളൂരു – കൊല്ലം സ്പെഷ്യൽ (06047), കൊല്ലം–മംഗളൂരു സ്പെഷ്യൽ (06048) എന്നിവയാണ്‌ ട്രെയിനുകൾ.

കൂടാതെ ഓണത്തിന് ചെന്നൈയിൽനിന്ന് റെയിൽവേ പ്രഖ്യാപിച്ചിട്ടുള്ളത് എസി സ്പെഷ്യൽ ട്രെയിനാണ്. സാധാരണക്കാർക്ക് താങ്ങാവുന്നതിലും വളരെ കൂടുതലാണ് എ സി ട്രെയിനുകളിലെ നിരക്കുകകൾ. താംബരം-ചെങ്കോട്ട-കൊല്ലം-കൊച്ചുവേളി റൂട്ടിലാണ് എ സി ട്രെയിനുകൾ സർവീസ് നടത്തുന്നത്.സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം ടിക്കറ്റുകളെല്ലാം ബുക്ക് ചെയ്യപ്പെട്ടു. തത്‌കാൽ ടിക്കറ്റുകൾ മാത്രമാണ്‌ ഇനി ശേഷിക്കുന്നത്. സെക്കൻഡ്‌ ക്ലാസ്‌ ടിക്കറ്റിന്‌ അടിസ്ഥാനനിരക്കിന്റെ പത്തുശതമാനവും സ്ലീപ്പർ, എ സി ടിക്കറ്റുകൾക്ക്‌ 30 ശതമാനവുമാണ്‌ തത്കാൽ നിരക്കായി കൂടുതൽ നൽകേണ്ടത്. ഫലത്തിൽ സ്ലീപ്പർ ടിക്കറ്റിന്‌ ശരാശരി 200 രൂപ അധികം നൽകണം. എസി ത്രീടയറിന്‌ 600 രൂപയും സെക്കൻഡ്‌ എസിക്ക്‌ 800 രൂപയും കൂടുതൽ നൽകണം.