ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും തസ്‌ലീമയും സുഹൃത്തുക്കൾ; താരങ്ങളെ പരിചയപ്പെട്ടത് ഇൻസ്റ്റാഗ്രാമിലൂടെ: സൗമ്യ

1 min read
SHARE

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ചോദ്യം ചെയ്യലിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് മോഡല്‍ സൗമ്യ. നടന്മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരുമായുള്ള ബന്ധമെന്താണെന്നാണ് എക്‌സൈസ് ചോദിച്ചതെന്ന് സൗമ്യ പറഞ്ഞു. ഇരുവരുമായും സുഹൃദ്ബന്ധത്തിനപ്പുറമൊന്നുമില്ലെന്ന് സൗമ്യ പറഞ്ഞു.

ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരങ്ങളെ പരിചയപ്പെട്ടതെന്നും ഒരു വര്‍ഷമായി സുഹൃത്തുക്കളാണെന്നും സൗമ്യ പറഞ്ഞു. ഹൈബ്രിഡ് കഞ്ചാവ് കേസിലെ മുഖ്യപ്രതി തസ്‌ലീമ സുല്‍ത്താനയും സുഹൃത്തായിരുന്നുവെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ആരുമായും ലഹരിയോ സാമ്പത്തികമോ ആയ ഇടപാടുകളില്ലെന്നും സൗമ്യ പറഞ്ഞു. സൗമ്യയെ വ്യവസ്ഥകളോടെയാണ് എക്‌സൈസ് വിട്ടയച്ചത്. ആവശ്യമുണ്ടെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്നും ഹാജരാകണമെന്നും എക്‌സൈസ് ആവശ്യപ്പെട്ടിട്ടുണ്ട്.ആറ് മണിക്കൂറിലധികം നീളുന്ന ചോദ്യം ചെയ്യലിന് ശേഷമാണ് സൗമ്യയെ വിട്ടയച്ചത്. അതേസമയം സൗമ്യയുടെ ലഹരി ഇടപാടിന്റെ തെളിവുകള്‍ ലഭിച്ചെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. തസ്‌ലീമയുമായി നടത്തിയ സാമ്പത്തിക ഇടപാടുകള്‍ പ്രധാന തെളിവായി ലഭിച്ചിട്ടുണ്ടെന്നും വിവരമുണ്ട്. നടന്‍ ഷൈന്‍ ടോം ചാക്കോയുമായി പണമിടപാട് ഉണ്ടെന്ന് സൗമ്യ സ്ഥിരീകരിച്ചെന്നും അക്കൗണ്ട് ട്രാന്‍സാക്ഷന്‍ വിവരങ്ങളും എക്‌സൈസിന് ലഭിച്ചിട്ടുണ്ടെന്നുമുള്ള വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്.എന്നാല്‍ തസ്‌ലീമയുമായി ലഹരി ഇടപാടുകള്‍ ഇല്ലെന്ന് സൗമ്യ നല്‍കിയ മൊഴി എക്‌സൈസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല. കേസില്‍ ഷൈന്‍ ടോം ചാക്കോയെയും എക്‌സൈസ് ഇന്ന് ചോദ്യം ചെയ്തിട്ടുണ്ട്. ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാറില്ലെന്നാണ് ഷൈന്‍ ടോം ചാക്കോ നല്‍കിയ മൊഴി. മെത്താംഫിറ്റമിന്‍ ആണ് ഉപയോഗിച്ചിട്ടുള്ളതെന്ന് ഷൈന്‍ എക്‌സൈസിനോട് പറഞ്ഞു. ലഹരി വിമുക്തിക്കായി ഷൂട്ട് വരെ മാറ്റി വെച്ച് ഡി അഡിക്ഷന്‍ സെന്ററില്‍ ആണ് താനെന്നും ഷൈന്‍ പറഞ്ഞു.തസ്‌ലീമ സുല്‍ത്താന, ഭര്‍ത്താവ് സുല്‍ത്താന്‍ എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍. ആലപ്പുഴയില്‍ നിന്നാണ് രണ്ട് കോടി വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമ സുല്‍ത്താനയെ അറസ്റ്റ് ചെയ്തത്. ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും കഞ്ചാവ് കൈമാറിയെന്ന് തസ്ലീമ മൊഴി നല്‍കിയിരുന്നു. തസ്ലീമയും നടന്മാരും തമ്മിലുള്ള ചാറ്റ് എക്സൈസിന് ലഭിച്ചിരുന്നു.