സുരേഷ് ഗോപി രണ്ട് പശുക്കളെ നൽകുമെന്ന് പറഞ്ഞു’; അധ്വാനിച്ച് ജീവിക്കുമെന്ന് നെയ്യാറ്റിൻകര ഗോപൻ്റെ കുടുംബം
1 min read

തിരുവനന്തപുരം: ഉപജീവന മാര്‍ഗമായി രണ്ട് പശുക്കളെ നല്‍കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി അറിയിച്ചതായി നെയ്യാറ്റിന്‍കര ഗോപന്റെ കുടുംബം. നേരത്തെ രണ്ട് പശുക്കള്‍ ഉണ്ടായിരുന്നുവെന്നും സാമ്പത്തിക മാന്ദ്യത്തില്‍ അത് വിറ്റെന്നും കുടുംബം പറഞ്ഞു. തുടര്‍ന്നാണ് സുരേഷ് ഗോപി രണ്ട് പശുക്കളെ വാങ്ങി നല്‍കുമെന്ന് പറഞ്ഞിരിക്കുന്നതെന്നും കുടുംബം പറഞ്ഞു.
നെയ്യാറ്റിന്‍കര ഗോപന്റെ മരണത്തെ ഉപജീവനമാര്‍ഗമായി കാണില്ലെന്നും കുടുംബം വ്യക്തമാക്കി. ‘സമാധി ഭക്തമാര്‍ഗമാണ്, ഉപജീവന മാര്‍ഗമല്ല. 2019ല്‍ ഗോപന് സ്വാമി ട്രസ്റ്റ് രൂപീകരിച്ചു. ഈ ട്രസ്റ്റിന്റെ വക സ്ഥലം കൈമാറ്റം ചെയ്യാനോ വായ്പ കൊടുക്കാനോ പാടില്ലെന്ന് ഗോപന് സ്വാമി എഴുതി വെച്ചിട്ടുണ്ട്. അതുകൊണ്ട് ഇത് മാര്‍ക്കറ്റ് ചെയ്യാനാണെന്ന വാര്‍ത്തകളില്‍ കുടുംബത്തിന് വിഷമമുണ്ട്. സമാധിയില്‍ വരുന്ന വരുമാനം കുടുംബത്തിന് വേണ്ടി ഉപയോഗിക്കില്ല. അധ്വാനിച്ച് ജീവിക്കാനാണ് തീരുമാനിച്ചത്’, കുടുംബം പറഞ്ഞു.
അതേസമയം നെയ്യാറ്റിന്‍കര ഗോപന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ ഇന്ന് പുറത്തുവന്നു. ഗോപന് നിരവധി അസുഖങ്ങളെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ലിവര്‍ സിറോസിസും വൃക്കകളില്‍ സിസ്റ്റും കണ്ടെത്തി. ഹൃദയധമനികളില്‍ 75ശതമാനത്തിലധികം ബ്ലോക്കുണ്ട്. മുഖത്തും മൂക്കിലും തലയിലുമായി നാല് ചതവുകളുമുണ്ടായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് മരണകാരണമായിട്ടില്ലെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. രാസപരിശോധനാ ഫലം വന്നാലെ മരണകാരണം നിര്‍വചിക്കാനാകൂ എന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
