ഇന്ത്യയിൽ വിനോദ സഞ്ചാരത്തിനെത്തിയ ഐറിഷ് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി
1 min read

ഇന്ത്യയിൽ വിനോദ സഞ്ചാരത്തിനെത്തിയ ഐറിഷ് സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. 2017 മാർച്ചിലാണ് ഗോവയിലെ കാനക്കോണയിലെ ഒരു വയലിൽ 28 കാരിയായ ഡാനിയേൽ മക്ലാഫ്ലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോളി ആഘോഷത്തിന്റെ ഭാഗമായി ഗോവയിൽ തങ്ങുമ്പോഴാണ് കൊലപാതകം നടന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഇരയുടെ സുഹൃത്തായ വികാത് ഭഗത് എന്ന ഗോവ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
വികാത് ഭഗത് കുറ്റക്കാരനാണെന്ന് ദക്ഷിണ ഗോവയിലെ ജില്ലാ സെഷൻസ് കോടതി കണ്ടെത്തി. മോഷണം,ആക്രമണം,കവർച്ച എന്നീ കേസുകളിൽ ക്രിമിനൽ റെക്കോർഡുള്ള ഭഗത്തിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302 (കൊലപാതകം), 376 (ബലാത്സംഗം), 394 (കവർച്ച), 201 (തെളിവ് നശിപ്പിക്കൽ) എന്നിവ പ്രകാരം കുറ്റം ചുമത്തിയിട്ടുണ്ട്.
ഹോളി ആഘോഷത്തിന് ശേഷം രാത്രി യുവതിക്കൊപ്പം പോയ പ്രതി യുവതിയെ ഒഴിഞ്ഞ വയലിൽ എത്തിച്ച ബലാത്സംഗം ചെയ്യുകയും കുപ്പി കൊണ്ട് തലക്കടിക്കുകയും ചെയ്തു. തുടർന്ന് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മൊബൈൽ അടക്കമുള്ള വസ്തുക്കൾ കവരുകയും ചെയ്തു. ഭഗത് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി തിങ്കളാഴ്ച ശിക്ഷ വിധിച്ചേക്കും.
“ഒടുവിൽ നീതി ലഭിച്ചു” എന്നാണ് മക്ലാഫ്ലിന്റെ അമ്മ ആൻഡ്രിയ ബ്രാനിഗനും സഹോദരി ജോലീൻ മക്ലാഫ്ലിൻ ബ്രാനിഗനും പ്രതികരിച്ചത്. എട്ട് വർഷത്തെ കൊലപാതക വിചാരണ, നിരവധി കാലതാമസങ്ങളോടും പ്രശ്നങ്ങളോടും കൂടി, അവസാനം വരെ ഞങ്ങൾ സഹിച്ചു. സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടം എളുപ്പമായിരുന്നില്ല. എട്ട് വർഷത്തെ കൊലപാതക വിചാരണ വളരെ ക്ഷീണിപ്പിക്കുന്നതായിരുന്നെന്നും ഇത് അവസാനിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ഇന്ത്യയിലും സ്വദേശത്തുമുള്ള തങ്ങളുടെ അഭിഭാഷകർക്കും അവർ നന്ദി പറഞ്ഞു. ഡാനിയേലിന്‍റെ ആത്മാവിന് ശാന്തി ലഭിച്ചതായി പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ വ്യക്തി ശിക്ഷിക്കപ്പെടുമെന്ന് അറിയുന്നതിലൂടെ ഒരു കുടുംബമെന്ന നിലയിൽ ഞങ്ങൾക്ക് കുറച്ച് സമാധാനവും ആശ്വാസവും ലഭിക്കുമെന്ന് ഞങ്ങൾ ഇപ്പോൾ പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു സംഭവത്തിൽ ഇരയായ ഡാനിയേൽ മക്ലാഫ്ലിന് ഐറിഷ് ഡെപ്യൂട്ടി പ്രീമിയർ സൈമൺ ഹാരിസ് ആദരാഞ്ജലി അർപ്പിച്ചു.
