സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
1 min readസംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ പ്രഖ്യാപിച്ച യെല്ലോ അലർട്ട് തുടരുകയാണ്. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് തുടരുന്നത്. മധ്യ ബംഗാൾ ഉൾക്കടലിനും വടക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മലയോര തീരദേശ മേഖലകളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകി. നാളെ ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും, പത്താം തീയതി മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി സ്ഥിതി ചെയ്യുന്ന തീവ്രന്യൂനമർദം. വടക്കു ദിശയിൽ ഒഡിഷ – പശ്ചിമ ബംഗാൾ തീരത്തേക്ക് സഞ്ചരിക്കുന്നത്തോടെ, തീവ്രന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ അതിതീവ്രന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്ന് പടിഞ്ഞാറ് – വടക്കു പടിഞ്ഞാറ് ദിശയിൽ നീങ്ങി നാളെ (2024 സെപ്റ്റംബർ 9) വൈകുന്നേരം/രാത്രിയോടെ പുരിക്കും (ഒഡിഷ), ദിഗക്കും (പശ്ചിമ ബംഗാൾ) ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത. തുടർന്ന് ഒഡിഷ, പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ഛത്തീസ്ഗഡ് മേഖലയിലേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിച്ചിരിക്കുന്നത്.
അതോടൊപ്പം കേരള തീരം മുതൽ വടക്കൻ കർണാടക തീരം വരെ പുതിയ ന്യൂനമർദപാത്തിയും രൂപപ്പെട്ടതായി അറിയിച്ചിട്ടുണ്ട്.