കുടുംബത്തെ സർക്കാർ ചേർത്തുപിടിക്കുന്നു; ചേന്ദമംഗലത്ത് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് മന്ത്രി പി.രാജീവ്

1 min read
SHARE

എറണാകുളം ചേന്ദമംഗലത്ത് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ മന്ത്രി പി.രാജീവ് സന്ദർശിച്ചു. മരിച്ച വിനീഷയുടെ മക്കളെ മന്ത്രി നേരിൽ കണ്ട് ആശ്വസിപ്പിച്ചു. കുടുംബത്തെ സർക്കാർ ചേർത്തുപിടിക്കുന്നതായി മന്ത്രി പി.രാജീവ് പറഞ്ഞു. കുടുംബത്തെ സഹായിക്കാനുള്ള നടപടികൾ പഞ്ചായത്തിൻറെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.

സർക്കാർ ആവശ്യമായ പിന്തുണ നൽകും. കുട്ടികളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കൂട്ടായി ഏറ്റെടുക്കുമെന്നും മന്ത്രി അറിയിച്ചു.സിപിഐഎം പറവൂർ ഏരിയ സെക്രട്ടറി ടിവി നിതിൻ,പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കമല സദാനന്ദൻ,ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ലീന വിശ്വൻ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

 

അതേസമയം ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി റിതുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു .റിതുവിന് മാനസിക പ്രശ്നമില്ലെന്ന് പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലുമായി പ്രതി സഹകരിക്കുന്നുണ്ടെന്ന് മുനമ്പം ഡിവൈഎസ്പി എസ് പി എസ് ജയകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.

വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നു ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ നാലു പേരെ അയല്‍വാസിയായ റിതു വീട്ടില്‍ കയറി ആക്രമിച്ചത്. വേണു, ഭാര്യ ഉഷ, മകള്‍ വിനീഷ എന്നിവര്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു.മൂന്ന് പേര്‍ക്കും തലയിലും മുഖത്തുമാണ് ഗുരുതര പരുക്കേറ്റത്. വേണുവിന്റെ തലയില്‍ 6 മുറിവുകളും വിനിഷയുടെ തലയില്‍ 4 മുറിവുകളും ഉഷയുടെ തലയില്‍ 3 മുറിവുകളുമുണ്ടെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്.