ലക്ഷ്യം നവകേരളം’ ; സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

1 min read
SHARE

കേരളം വളര്‍ച്ചയുടെ പടവുകളിലേക്ക് അതിവേഗം കുതിക്കുകയാണെന്നും ലക്ഷ്യം നവകേരളം പടുത്തുയര്‍ത്തുക എന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്. പരിമിതികളെ, അവഗണനകളെ, പ്രതിസന്ധികളെ വെല്ലുവിളികളായി കണ്ട് അതിജീവിച്ച ഭരണസംസ്‌കാരമാണിതെന്നും അദ്ദേഹം ലേഖനത്തില്‍ ചൂണ്ടിക്കാട്ടി.

നാടിന്റെ സമസ്ത മേഖലകളെയും പുരോഗതിയിലേക്ക് കൈപിടിച്ചുയര്‍ത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍. നവകേരളം പടുത്തുയര്‍ത്തുക എന്നതാണ് നമ്മുടെ ലക്ഷ്യം. സമകാലിക പ്രതിസന്ധികളെ മറികടക്കുക എന്നതിനൊപ്പം കേരളത്തിന്റെ ഭാവി എന്തായിരിക്കണമെന്ന ഉറച്ച കാഴ്ചപ്പാടുകളും അവ സാക്ഷാല്‍ക്കരിക്കാനുള്ള ദീര്‍ഘദൃഷ്ടിയോടെയുള്ള പ്രവര്‍ത്തനങ്ങളുമാണ് ഈ നവകേരള നിര്‍മിതിയെ സവിശേഷമാക്കുന്നത്. കേരളത്തിന്റെ ഭാവിതലമുറയെക്കൂടി കണ്ടുകൊണ്ടാണ് സര്‍ക്കാര്‍ നയങ്ങളും കര്‍മപദ്ധതികളും ആവിഷ്‌കരിക്കുന്നത്. സമത്വവും സാഹോദര്യവും പുലരുന്ന ഒരു വികസിത സമൂഹമായിരിക്കും നവകേരളം. ക്രമസമാധാനരംഗത്തെ ഭദ്രത, സാമൂഹ്യരംഗത്തെ സാഹോദര്യം, പൊതുജീവിതരംഗത്തെ സുരക്ഷിതത്വം, ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള സമഗ്ര ക്ഷേമ ആശ്വാസ നടപടികള്‍, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വികസന പദ്ധതികള്‍ എന്നിവയൊക്കെ ഭരണത്തിന്റെ മുഖമുദ്രകളായി. ദേശീയതലത്തില്‍ വേറിട്ട തലയെടുപ്പോടെ നില്‍ക്കുന്ന ഒരു ഭരണസംസ്‌കാരം നാം രൂപപ്പെടുത്തി. പരിമിതികളെ, അവഗണനകളെ, പ്രതിസന്ധികളെ വെല്ലുവിളികളായി കണ്ട് അതിജീവിച്ച ഒരു ഭരണസംസ്‌കാരം. 2021 മേയില്‍ അധികാരത്തില്‍ വന്ന ഈ എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറെ ചാ രിതാര്‍ഥ്യത്തോടെയാണ് അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്നത്. 2016ല്‍ അധികാരത്തില്‍ വന്ന സര്‍ക്കാരിന്റെ തുടര്‍ച്ചയാണ് ഈ സര്‍ക്കാരും. അതിനാല്‍, ഒരര്‍ഥത്തില്‍ ഇത് ഒമ്പതാം വാര്‍ഷികമായി മാറുകയാണ് – മുഖ്യമന്ത്രി എഴുതുന്നു.