July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 3, 2025

സമരം ചെയ്യുന്നത് ഈര്‍ക്കില്‍ സംഘടനകള്‍’ ; ആശ വര്‍ക്കര്‍മാരുടെ സമരത്തെ വീണ്ടും അധിക്ഷേപിച്ച് എളമരം കരീം

1 min read
SHARE

സെക്രട്ടേറിയറ്റിന് മുന്നിലെ ആശാ വര്‍ക്കേഴ്‌സിന്റെ സമരത്തെ വീണ്ടും അധിക്ഷേപിച്ച് സിപിഐഎം. സമരം ചെയ്യുന്നത് ഈര്‍ക്കില്‍ സംഘടനയെന്ന് എളമരം കരീം പറഞ്ഞു.

ഇത് ഏതൊ ഒരു ഈര്‍ക്കില്‍ സംഘടന. ഒറ്റയ്ക്ക് അവരുടെ സംഘടനാശക്തികൊണ്ടൊന്നുമല്ല ഇത് സംഭവിക്കുന്നത്. സമരത്തിന്റെ പിന്നില്‍ ആരോ ഉണ്ടാകാം. നല്ല മാധ്യമശ്രദ്ധ കിട്ടിയപ്പോള്‍ അവര്‍ക്ക് ഹരമായി. പിന്നാലെ മഹിള കോണ്‍ഗ്രസ് വന്ന് മന്ത്രിയുടെ ഓഫീസിലേക്ക് തള്ളി കയറുന്നു. എല്ലാ ദിവസവും വാര്‍ത്ത വരുന്നു. അപ്പോള്‍ അങ്ങനെയൊരു ശ്രദ്ധ പിടിച്ചു പറ്റിയെന്ന ആവേശത്തിലായിരിക്കാം അവര്‍ തുടരുന്നത്. അതല്ലാതെ തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കല്‍ ഈ വിധത്തിലല്ല. ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനം സ്തംഭിക്കുന്ന ഒരു സമരത്തിലേക്ക് ഒരിക്കലും ട്രേഡ് യൂണിയനുകള്‍ പോകാറില്ല. ഈ സമരം ചെയ്യുന്നവര്‍ക്ക് അതൊന്നും ഒരു പ്രശ്‌നമല്ല. ഇത്തരം ജോലികള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തി വച്ച് ഇവര്‍ പോകുന്നത് ശരിയായ രീതിയല്ല – അദ്ദേഹം വ്യക്തമാക്കി.

 

അതേസമയം, പിഎസ്സി ചെയര്‍മാനും മെമ്പര്‍മാര്‍ക്കും ലക്ഷങ്ങള്‍ വാരിക്കോരി നല്‍കുമ്പോള്‍ ആശാവര്‍ക്കേഴ്‌സിന് ശകാരവര്‍ഷമെന്ന് സിപിഐ നേതാവ് കെ.കെ ശിവരാമന്‍ വിമര്‍ശിച്ചു. സര്‍ക്കാര്‍ കണ്ണുതുറക്കാത്ത ദൈവമായി മാറിയത് കൊണ്ടാണ് അവര്‍ സമരം ചെയ്യാന്‍ നിര്‍ബന്ധിതരായതെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.നല്ല ശമ്പളമുള്ള ഹൈക്കോടതി പ്ലീഡര്‍മാരുടെ ശമ്പളവും വര്‍ധിപ്പിച്ചു. എന്നിട്ടും ആശാവര്‍ക്കര്‍മാര്‍ക്ക് അസഭ്യമെന്ന് കെ കെ ശിവരാമന്‍ പറയുന്നു. ഇത് ഇടതു സര്‍ക്കാരിന്റെ നയമാണോ എന്ന് അദേഹം ചോദിച്ചു. കണ്ണില്‍ ചോരയില്ലാത്ത മനുഷ്യ സ്‌നേഹത്തിന്റെ കണിക പോലും ഇല്ലാത്ത നിലപാട് ഇടതുപക്ഷത്തിന് ഭൂഷണമല്ലെന്ന് കെ കെ ശിവരാമന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ആശാ വര്‍ക്കേഴ്‌സിന്റെ സമരം 17ാം ദിവസത്തിലേക്ക് കടന്നു. പിന്തുണയുമായി ശശി തരൂരും ഇന്ന് സമരപ്പന്തലിലേക്ക് എത്തും.