‘അവൻ ജീവനൊടുക്കാൻ കാരണം ഭാര്യ’; ദില്ലിയിലെ കഫേ ഉടമയുടെ ആത്മഹത്യയിൽ വിവാദം പുകയുന്നു

1 min read
SHARE

ദില്ലിയിലെ കഫേ ഉടമയുടെ മരണത്തിൽ വിവാദം പുകയുന്നു.പുനീത് ഖുറാന ആത്മഹത്യ ചെയ്തത് ഭാര്യയുടെ പീഡനം മൂലമാണെന്ന ആരോപണമാണ് അദ്ദേഹത്തിൻ്റെ കുടുംബം ഇപ്പോൾ ആരോപിക്കുന്നത്. ഇരുവർക്കുമിടയിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും പുനീതിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത് ഭാര്യ മനിക ആണെന്നുമാണ് കുടുംബം ഉന്നയിക്കുന്ന ആരോപണം.

ഡിസംബർ 31നാണ് പുനീതിനെ കല്യാൺ വിഹാറിലെ വീട്ടിലെ മുറിയ്ക്കുള്ളിൽ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച്ച രാത്രിയിൽ ഭാര്യ മനികയെ ഫോണിൽ വിളിച്ച് ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുനീത് തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.ഭാര്യയിൽ നിന്ന് വിവാഹമോചനം നേടാനുള്ള ശ്രമത്തിലായിരുന്നു പുനീത്. അതിനിടെ പുനീത് ഖുറാനയുടെ മരണത്തിന് ദിവസങ്ങൾക്ക് മുമ്പ് ഭാര്യ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റ് ഇപ്പോൾ ചർച്ചയാകുന്നുണ്ട്. മാനസികമായപീഡനങ്ങൾക്ക് ശേഷം താൻ സുഖം പ്രാപിക്കുകയാണെന്നും മികവ് പുലർത്താനും നിസ്സംഗയായിരിക്കുവാനും ശ്രമിക്കുന്നതായും പറയുന്ന കുറിപ്പാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്.