രണ്ടാം വട്ടം പപ്പടം കൊടുത്തില്ല; കോട്ടയത്ത് കല്യാണ സദ്യയ്ക്കിടെ കൂട്ടത്തല്ല്

1 min read
SHARE

കോട്ടയം: നാട്ടകത്ത് കല്യാണ സദ്യക്കിടെ പപ്പടത്തിൻ്റെ പേരിൽ കൂട്ടത്തല്ല്. സദ്യയ്ക്ക് രണ്ടാമതും പപ്പടം വേണമെന്ന് മദ്യപിച്ചെത്തിയ സംഘം ആവശ്യപ്പെട്ടതോടെയാണ് കല്ല്യാണസദ്യ കൂട്ടത്തല്ലിൻ്റെ വേദിയായത്. കോട്ടയം നാട്ടകത്തെ ക്ഷേത്രത്തിൽ ഞായറാഴ്ച നടന്ന വിവാഹച്ചടങ്ങിനിടെയാണ് തമ്മിലടിയുണ്ടായത്. വിവാഹ ചടങ്ങുകൾക്ക് ശേഷം ചെക്കനും പെണ്ണും മടങ്ങിക്കഴിഞ്ഞാണ് മദ്യപ സംഘം സംഘർഷമുണ്ടാക്കിയത്.മുട്ടം സ്വദേശിയായ യുവതിയും, കൈനകരി സ്വദേശിയായ യുവാവും തമ്മിലുളള വിവാഹമായിരുന്നു ക്ഷേത്രത്തിൽ വെച്ച് നടന്നത്. ക്ഷേത്രത്തിൽ വിവാഹ ചടങ്ങുകൾക്ക് ശേഷം മദ്യപിക്കുന്നതിന് ടച്ചിംങ്സ് തേടിയെത്തിയ മദ്യപ സംഘമാണ് ബന്ധുക്കൾ അടക്കമുള്ളവരുമായി ഏറ്റുമുട്ടിയത്. ആദ്യം ടച്ചിംങ്സ് ചോദിച്ചെത്തിയ മദ്യപ സംഘം സദ്യ കഴിക്കാൻ ഇരുന്നതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്.

ഭക്ഷണം കഴിക്കാൻ ഇരുന്ന മദ്യപ സംഘത്തിൽ ഒരാൾ രണ്ടാമതും പപ്പടം ചോദിക്കുകയായിരുന്നു. ഇതേച്ചൊല്ലി പാചകക്കാരും ബന്ധുക്കളുമായി മദ്യപസംഘവുമായി വാക്കേറ്റമുണ്ടായി.പിന്നീട് ഉടലെടുത്ത സംഘർഷത്തിൽ രണ്ടു പേരുടെ തലയ്ക്ക് പൊട്ടലുണ്ടായി. നാട്ടുകാർ വിവരം അറിയിച്ചതോടെ സ്ഥലത്ത് എത്തിയ പൊലീസ് സംഘമാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. രണ്ടു പേരെ പരിക്കുകളോടെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. രണ്ട് കൂട്ടർക്കും പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുത്തില്ല