ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിലും ആശങ്കയൊഴിയാതെ തൃണമൂൽ കോൺഗ്രസ്
1 min readഇന്ത്യാ മുന്നണിയുടെ ഭാഗമായ തൃണമൂൽ കോൺഗ്രസ് (ടിഎംസി) ലോക്സഭാ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനമാണ് വെസ്റ്റ് ബംഗാളിൽ കാഴ്ചവെച്ചത്. 42 സീറ്റിൽ 29 സീറ്റുകളിലും തൃണമൂൽ സ്ഥാനാർഥികൾ വിജയിച്ചു. 12 സീറ്റാണ് സംസ്ഥാനത്ത് ബിജെപിക്ക് ലഭിച്ചത്. എന്നാൽ സംസ്ഥാന മന്ത്രിമാരുടെ മണ്ഡലത്തിലുൾപ്പടെ പാർട്ടി സ്ഥാനാർഥികൾ പിന്നിൽ പോയതിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾ ആശങ്കയിലാണ്. നഗരങ്ങളിലെ പല തദ്ദേശ സ്ഥാപന വാർഡുകളിലും പ്രതിപക്ഷ പാർട്ടികളാണ് മുന്നേറിയത്.
കൊൽക്കത്ത
കൊൽക്കത്ത മുൻസിപ്പൽ കോർപ്പറേഷനിലെ (കെഎംസി) 144 വാർഡുകളിൽ നിന്ന് തൃണമൂലിന് 138 കൗൺസിലർമാരാണുള്ളത്. ബിജെപിക്ക് മൂന്നും ഇടത്-കോൺഗ്രസ് പാർട്ടികൾക്ക് മൂന്ന് എന്നിങ്ങനെയാണ് സീറ്റ് നില. ഇവിടെയുള്ള രണ്ട് ലോക്സഭാ സീറ്റുകളിലും തൃണമൂൽ കോൺഗ്രസ് തന്നെയാണ് വിജയിച്ചത്. എന്നാൽ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചതിലും കുറഞ്ഞ ഭൂരിപക്ഷത്തിലായിരുന്നു വിജയം. തൃണമൂലിൻ്റെ മുഖ്യ എതിരാളികളായിരുന്ന ബിജെപിയാകട്ടെ 48 കെഎംസി വാർഡുകളിൽ ലീഡ് ചെയ്തു. ഇടത്-കോൺഗ്രസ് സഖ്യം മൂന്ന് വാർഡുകളിലാണ് ലീഡ് ചെയ്തത്. തൃണമൂൽ കോൺഗ്രസിന് 93 വാർഡുകളിൽ ലീഡ് ലഭിച്ചെങ്കിലും ബിജെപിയുടെ മുന്നേറ്റത്തിൽ വിജയത്തിളക്കം കുറഞ്ഞു. മമത ബാനർജിയുടെ മണ്ഡലമായ ഭബാനിപൂരിലെ അഞ്ച് വാർഡുകളിൽ ബിജെപി ലീഡ് ചെയതപ്പോൾ മൂന്ന് വാർഡുകളിൽ മാത്രമാണ് തൃണമൂലിന് ലീഡ് നിലനിർത്താനായത്. കൊൽക്കത്ത ഉത്തർ ലോക്സഭാ മണ്ഡലത്തിൽ 92,560 വോട്ടുകൾക്ക് പാർട്ടി വിജയിച്ചെങ്കിലും വ്യവസായ മന്ത്രി ശശി പഞ്ജയുടെ നിയമസഭാ സീറ്റായ ജോറാസങ്കോയിൽ തൃണമൂൽ കോൺഗ്രസ് 7,401 വോട്ടുകൾക്ക് പിന്നിലായി. ഭബാനിപൂർ നിയമസഭാ മണ്ഡലത്തിൽ പോലും, 2021ലെ ഉപതെരഞ്ഞെടുപ്പിൽ മമത നേടിയ 58,835 വോട്ടിൽ നിന്ന് ടിഎംസിയുടെ ലീഡ് 8,297 വോട്ടായി കുറഞ്ഞു. ബോൾപൂർ, ഗോബർദംഗ, കൃഷ്ണനഗർ, ബാലുർഘട്ട്, റായ്ഗുഞ്ച്, ബർധമാൻ, ഇംഗ്ലീഷ് ബസാർ, ജാർഗ്രാം തുടങ്ങി നിരവധി മുനിസിപ്പാലിറ്റികളിലും ബിജെപി മുന്നിലാണെന്ന് തെരഞ്ഞെടുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു. കൊൽക്കത്തയ്ക്ക് പുറമെ, ബരാസത് ലോക്സഭാ സീറ്റിന് കീഴിലുള്ള നാല് മുനിസിപ്പാലിറ്റികളിലെ ഫലങ്ങളിൽ ഭരണകക്ഷി ആശങ്കയിലാണ്. ബരാസത്ത് മുനിസിപ്പാലിറ്റിയിലെ 35 വാർഡുകളിൽ ആറ് വാർഡുകളിൽ മാത്രമാണ് ടിഎംസി മുന്നിലുള്ളത്. അശോകെനഗർ മുനിസിപ്പാലിറ്റിയിൽ 23 വാർഡുകളിൽ ആറെണ്ണത്തിൽ മാത്രമാണ് മുന്നിലെത്തിയത്. ജയിലിലായ മുൻ ഭക്ഷ്യമന്ത്രി ജ്യോതിപ്രിയ മല്ലിക്കിൻ്റെ നിയമസഭാ മണ്ഡലമായ ഹബ്ര മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള എല്ലാ വാർഡുകളിലും ടിഎംസി പിന്നിലാണ്. മധ്യംഗ്രാം മുനിസിപ്പാലിറ്റിയിൽ 28 വാർഡുകളിൽ 18 എണ്ണത്തിൽ മാത്രമാണ് ബിജെപിക്ക് മുന്നിലുള്ളത്. റേഷൻ കുംഭകോണക്കേസിൽ മുൻ മേയർ ശങ്കർ അധ്യ ജയിലിൽ കഴിയുന്ന ബംഗാവോൺ മുനിസിപ്പാലിറ്റിയിലെ 22 വാർഡുകളിലും തൃണമൂൽ പിന്നിലായി. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ഗോബർദംഗ മുനിസിപ്പാലിറ്റിയിൽ 17 വാർഡുകളിൽ 15ലും ടിഎംസി പിന്നിലായി.മുനിസിപ്പൽ മേഖലയിൽ പാർട്ടിയുടെ തകർച്ചയുടെ പ്രധാന കാരണം അഴിമതിയും ജനസേവനത്തിൽ വരുത്തിയ വീഴ്ചയുമാണെന്നാണ് പാർട്ടിനേതാക്കൾ വിലയിരുത്തുന്നത്.
സൗത്ത് ബംഗാൾ
ബർധമാൻ പുർബ ലോക്സഭാ സീറ്റിൽ ടിഎംസിയുടെ ശർമിള സർക്കാർ 1,60,000 വോട്ടുകൾക്കാണ് വിജയിച്ചത്. എന്നാൽ കത്വ, കൽന, ദൈൻഹട്ട് എന്നീ മൂന്ന് നഗരപ്രദേശങ്ങളിലും ശർമ്മിള പിന്നിലായി.പൊതുസേവനങ്ങൾ കൃത്യമായി ലഭ്യമാക്കാത്തതും സംഘടനാതലത്തിലെ വീഴ്ചകളുമാണ് ഇതിനുകാരണമായതെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
ഇതുകൂടാതെ,ജംഗൽമഹലിലെ ഝാർഗ്രാം മുതൽ വടക്കൻ ബംഗാളിലെ അലിപുർദുവാർ, ബാലുർഘട്ട് ലോക്സഭാ സീറ്റുകൾക്ക് കീഴിലുള്ള മറ്റ് പല പ്രധാന മുനിസിപ്പാലിറ്റികളിലും ടിഎംസി പിന്നിലായി. ഝാർഗ്രാം മുനിസിപ്പാലിറ്റിയിലെ 17 വാർഡുകളിൽ 11 വാർഡുകളിൽ ബിജെപി മുന്നിലെത്തിയപ്പോൾ ആറെണ്ണത്തിൽ മാത്രമാണ് തൃണമൂൽ ലീഡ് ചെയ്തത്.
സ്കൂൾ ജീവനക്കാരുടെ റിക്രൂട്ട്മെൻ്റും റേഷൻ വിതരണവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ നാല് ടിഎംസി എംഎൽഎമാരായ പാർത്ഥ ചാറ്റർജി, ജ്യോതിപ്രിയ മല്ലിക്, ജിബൻകൃഷ്ണ സാഹ, മണിക് ഭട്ടാചാര്യ എന്നിവർ ജയിലിലായിരുന്നു. സാഹയ്ക്ക് ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ജാമ്യം ലഭിക്കുകയും ബഹരംപൂർ ലോക്സഭാ സീറ്റിൽ 85,022 വോട്ടുകൾക്ക് ടിഎംസി വിജയിക്കുകയും ചെയ്തു. എന്നാൽ സാഹയുടെ അസംബ്ലി മണ്ഡലമായ ബർവാനിൽ ബിജെപിക്ക് 558 വോട്ടിൻ്റെ ലീഡ് ലഭിച്ചു. ജ്യോതിപ്രിയ മല്ലിക്കിൻ്റെ മണ്ഡലമായ ഹബ്രയിലും സ്ഥിതി മെച്ചമായിരുന്നില്ല. ബരാസത്ത് ലോക്സഭാ സീറ്റിൽ 1,14,189 വോട്ടിന് വിജയിച്ചിട്ടും 19,933 വോട്ടിന് തൃണമൂൽ കോൺഗ്രസ് ഇവിടെ പിന്നിലായി.
അതേസമയം, പാർത്ഥ ചാറ്റർജിയുടെ ബെഹാല പശ്ചിം, മണിക് ഭട്ടാചാര്യയുടെ പലസിപാറ അസംബ്ലി മണ്ഡലങ്ങളിൽ തൃണമൂലിന് ലീഡ് നേടാനായി.
നോർത്ത് ബംഗാൾ
2019ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പ് മുതൽ നോർത്ത് ബംഗാൾ ബിജെപിയക്കൊപ്പമാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ നില മെച്ചപ്പെടുത്തിയെങ്കിലും ഇപ്പോൾ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കൂച്ച്ബിഹാർ ഒഴികെ മറ്റൊരിടത്തും തൃണമൂൽ കോൺഗ്രസിന് നിലംതൊടാനായില്ല. മേഖലയിൽ ആറ് സീറ്റാണ് ബിജെപിക്ക് ലഭിച്ചത്.
ബിജെപിയും കോൺഗ്രസും ഓരോ ലോക്സഭാ സീറ്റ് വീതം നേടിയ മാൾഡ ജില്ലയിൽ, 12 നിയമസഭാ മണ്ഡലങ്ങളിലും ടിഎംസി പിന്നിലായി.മന്ത്രി സബീന യാസ്മിൻ്റെ മണ്ഡലമായ മൊതബാരിയിൽ 45,688 വോട്ടുകൾക്ക് ടിഎംസി പിന്നിലായി. മറ്റൊരു മന്ത്രി തജ്മുൽ ഹുസൈൻ്റെ നിയമസഭാ മണ്ഡലമായ ഹരിശ്ചന്ദ്രപൂരിൽ 4,343 വോട്ടുകൾക്ക് പിന്നിലായി. ഈ ജില്ലയിലെ ആറ് മണ്ഡലങ്ങളിൽ കോൺഗ്രസും മറ്റ് ആറിടത്ത് ബിജെപിയും ലീഡ് നേടി.
വോട്ടെടുപ്പുമായി ബന്ധപ്പെട്ട സൂക്ഷ്മ വിശകലനത്തിൽ മിക്ക തൃണമൂൽ കൗൺസിലർമാരെയും സാധാരണ ജനങ്ങൾ ഇഷ്ടപ്പെടുന്നില്ലെന്ന് ബിജെപി നേതാവും കെഎംസി കൗൺസിലറുമായ സജൽ ഘോഷ് ആരോപിച്ചു. വോട്ടർമാരെ വിലയയ്ക്കുവാങ്ങാൻ പറ്റാത്തിടത്തെല്ലാം ബിജെപിക്ക് കൂടുതൽ വോട്ടുകൾ ലഭിച്ചു, പ്രത്യേകിച്ചും സാമ്പത്തികമായി മെച്ചപ്പെട്ട ആളുകളുള്ള നഗരപ്രദേശങ്ങളിൽ നിന്നാണ് ബിജെപിക്ക് നേട്ടം ലഭിച്ചത്. രാജ്യത്തും ലോകത്തും നടക്കുന്ന എല്ലാ വിവരങ്ങളെക്കുറിച്ചും അവർ കൃത്യമായി മനസ്സിലാക്കുന്നു എന്നതാണ് ഇതിന് ഒരുകാരണം എന്നും സജൽ ഘോഷ് പറഞ്ഞു.
എന്നാൽ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളുടെ സന്ദർഭങ്ങൾ വ്യത്യസ്തമാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ ഫലം ആവർത്തിക്കില്ല. എന്നിട്ടും എന്തുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് പാർട്ടി അന്വേഷിക്കണമെന്നായിരുന്നു ടിഎംസി നേതാവ് ശന്തനു സെൻ പ്രതികരിച്ചത്.
2019ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഗ്രാമപ്രദേശങ്ങളേക്കാൾ നഗരപ്രദേശങ്ങളിൽ ബിജെപിക്ക് കൂടുതൽ വോട്ട് ലഭിക്കുന്ന പ്രവണത പ്രകടമാണെന്ന് ഡം ഡം ലോക്സഭാ സീറ്റിൽ നിന്ന് പരാജയപ്പെട്ട സിപിഎമ്മിൻ്റെ സുജൻ ചക്രവർത്തി വിലയിരുത്തി. നഗരപ്രദേശങ്ങളിലുള്ളവർ മറ്റുള്ളവരെ അപേക്ഷിച്ച് ചിന്താസ്വാതന്ത്ര്യം കൂടുതലുള്ളവരാണ്. തൃണമുലിനെതിരെ ചെയ്ത വോട്ടുകളൊക്കെ ബിജെപിക്കാണ് ലഭിച്ചത്. അവർ ബദലായി സിപിഎമ്മിനെ പരിഗണിക്കാത്തത് തങ്ങളുടെതന്നെ കുഴപ്പമ കാരണമാണെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കുറഞ്ഞതും മുഖ്യമന്ത്രി മമത ബാനർജിയുടെ അസംബ്ലി മണ്ഡലത്തിലുൾപ്പടെ പാർട്ടി പിന്നിൽപ്പോയതും നേതൃത്വം ഗൗരവമായിത്തന്നെ പരിശോധിക്കുന്നുണ്ട്. പ്രവർത്തനങ്ങളിൽ മാറ്റം വരുത്തി ആവശ്യമെങ്കിൽ പ്രാദേശിക തലത്തിൽ നേതൃമാറ്റമുൾപ്പടെയുള്ള തിരുത്തലുകൾ വരുത്തി പാർട്ടിയെ ശക്തിപ്പെടുത്താനാവും വരും നാളുകളിൽ തൃണമൂൽ കോൺഗ്രസ് ശ്രമിക്കുക.