ആറ്റുകാൽ ക്ഷേത്രത്തിലെ തെയ്യത്തറയിൽ ചുവട് വച്ച് പഞ്ചുരുളി; വരാഹ രൂപത്തിലുള്ള ഉഗ്രമൂർത്തി തെയ്യത്തെ നേരിൽ കാണാനെത്തിയത് നിരവധി പേർ
1 min read

കാന്താര സിനിമയിൽ നിറഞ്ഞാടിയ ഭൂതക്കോലമായ പഞ്ചുരുളി ആറ്റുകാൽ ക്ഷേത്രത്തിലെ തെയ്യത്തറയിൽ ചുവട് വെച്ചു. ദക്ഷിണ കർണാടകയിലും വടക്കേ മലബാറിലും കെട്ടിയാടുന്ന വരാഹ രൂപത്തിലുള്ള ഉഗ്രമൂർത്തി തെയ്യമായ പഞ്ചുരുളി തെയ്യത്തെ ആദ്യമായി നേരിൽ കാണാൻ ഭക്തരടക്കം നിരവധി പേരാണ് ക്ഷേത്രാങ്കണത്തിലേക്ക് എത്തിയത്.ആറ്റുകാലിൽ ഉത്സവത്തോടനുബന്ധിച്ച് അനുഷ്ഠാന കലകൾക്കായി തെയ്യത്തറ തന്നെ ആദ്യാനുഭവം. അവിടെ മുമ്പെങ്ങും തെക്കൻ കേരളത്തിൽ പരിചിതമല്ലാത്ത വരാഹ സങ്കൽപ്പത്തിലെ ഉഗ്രമൂർത്തി തെയ്യം. പഞ്ചുരുളി. സാത്വികമായി തുടങ്ങി, രൗദ്ര നടനത്തിനൊടുവിൽഅനുഗ്രഹം ചൊരിയുന്ന ഭൂതക്കോലമാണ് പഞ്ചുരുളി തെയ്യം. ശുംഭ, നിശുംഭാസുരന്മാരെ നിഗ്രഹിക്കാൻ ദേവി അവതരിച്ചു. സഹായത്തിന് മഹേശ്വരന്റെ ഹോമകുണ്ഡത്തിൽ നിന്ന് ഏഴ് ദേവിമാർ ഉയർന്നു വന്നു.. അതിൽ പ്രധാനി പഞ്ചുരുളി. പഞ്ച വീരന്മാരെ വധിച്ച് ഭൂമിയിൽ ഐശ്വര്യം നിറയ്ക്കാൻ അവതരിച്ച കാളിയാണ് പഞ്ചുരുളിയെന്ന് മറ്റൊരു വിശ്വാസം.
