തൃത്താല കുടുംബശ്രീ ഇനി ഇ-സൈക്കിൾ വേഗതയിൽ
1 min read

കുടുംബശ്രീ അംഗങ്ങളായ വനിതകളുടെ കാര്യശേഷി മെച്ചപ്പെടുത്തുന്നതിനും സംരഭകത്വ വികസനത്തിനും യാത്രാ ചെലവ് കുറയ്ക്കുന്നതിനും വരുമാന വർദ്ധനവിനുമായി തദ്ദേശസ്വയംഭരണവകുപ്പും ഊർജ്ജ വകുപ്പും കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും സംയുക്തമായി ഇലക്ട്രിക് സൈക്കിളുകൾ വിതരണം ചെയ്യുന്നതിന്റെ ബ്ലോക്ക്തല ഉദ്ഘാടനം മന്ത്രി എം ബി രാജേഷ് നിർവ്വഹിച്ചു.
60സൈക്കിളുകളാണ് വിതരണം ചെയ്തത്. 2050 ഓടെ കാർബൺ ന്യൂട്രൽ ആവുക എന്ന സർക്കാർ ലക്ഷ്യം കൈവരിക്കുന്നതിനായി കാർബൺ ബഹിർഗമനം ഉണ്ടാക്കുന്ന എല്ലാ മേഖലകളിലെ പ്രവർത്തനങ്ങളിലും പരമാവധി ഏകോപനവും സഹകരണവും അനിവാര്യമാണ്. ഇതിന്റെ ഭാഗമായിക്കൂടിയാണ് ഊർജ്ജ സംരക്ഷണം മുന്നിൽ കണ്ട് ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കിയത്.
33,000 രൂപ വിലയുള്ള സൈക്കിൾ വെറും 3000/- രൂപക്കണ് കുടുംബശ്രീ അംഗങ്ങൾക്ക് നൽകുന്നത്. ഒരൊറ്റ ചാർജിൽ 40 km വരെ സഞ്ചരിക്കാൻ സാധിക്കും. ഇനി അഥവാ ചാർജ് ഇല്ലെങ്കിൽ സാധാരണ സൈക്കിൾ പോലെ ഉപയോഗിക്കാനും സാധിക്കുന്നവയാണ് ഇ സൈക്കിൾ. കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ ഇ- സൈക്കിൾ വിതരണം ചെയ്തിരിക്കുന്നത് തൃത്താല മണ്ഡലത്തിലാണ്.
സൈക്കിൾ വിതരണ ചടങ്ങിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി റജീന, നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി വി ബാലചന്ദ്രൻ, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ചന്ദ്രദാസ് തുടങ്ങിയവർ പങ്കെടുത്തു.
