നരഭോജി കടുവയുടെ മുഖത്തെ മുറിവിന് 8 സെ.മി ആഴം; ശസ്ത്രക്രിയ നടത്തും.

1 min read
SHARE

വയനാട് വാകേരിയിൽ നിന്ന് പിടിയിലായ നരഭോജി കടുവയുടെ ശസ്ത്രക്രിയ നടത്തും. മുഖത്തെ മുറിവിന് 8 സെൻറീമീറ്ററോളം ആഴ മുണ്ടെന്നാണ് വിലയിരുത്തൽ. തൃശ്ശൂരിലെ പുത്തൂർ സുവോളജിക്കൽ പാർക്കിൽ കഴിയുന്ന കടുവയ്ക്ക് പരുക്കിനെ തുടർന്ന് ശാരീരിക അവശതയും കടുത്ത വേദനയുമുണ്ടെന്ന് വെറ്റിനറി ഡോക്ടർമാർ നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഉൾവനത്തിൽ കടുവകൾ തമ്മിൽ ഏറ്റുമുട്ടിയപ്പോഴുണ്ടായ പരുക്കാണ് മുഖത്തുള്ളതെന്ന് വെറ്റിനറി ഡോക്ടർമാരുടെ പരിശോധനയിൽ കണ്ടെത്തി. വാകേരിയിലെ നരഭോജി കടുവയുടെ മുഖത്ത് മറ്റൊരു കടുവ കൈകൊണ്ട് അടിച്ചതിനെ തുടർന്നാണ് മൂക്കിൽ ആഴമേറിയ മുറിവുണ്ടായത്. മുറിവിൽ നിന്ന് ചോര ഒലിക്കുന്നതും അണുബാധ പിടിപെട്ടിട്ടുണ്ടോയെന്ന സംശയവുമാണ് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാനുള്ള തീരുമാനത്തിന് പിന്നിൽ. ശരീരത്തിലും പരിക്കുകളുണ്ട്. വെറ്റിനറി സർവകലാശാലയിൽ നിന്ന് ഡോകടർ ശ്യാം കെ വേണുവിന്റെ നേതൃത്വത്തിലുള്ള ശസ്ത്രക്രിയ വിഭാഗത്തിൻറെ പ്രത്യേകസംഘം കടുവയ്ക്ക് ചികിത്സ ലഭ്യമാക്കും. കടുവയെ മയക്കുന്നതിനുള്ള അനുമതി ചീഫ് വൈഡ് ലൈഫ് വാർഡനും നൽകി. മുറിവ് പരിശോധിച്ച ശേഷം തുന്നിക്കെട്ടി അണുബാധ ഏൽക്കാത്ത തരത്തിൽ പരിചരണം നൽകാനാണ് തീരുമാനം. വാകേരിയിൽ നിന്ന് പിടിയിലായതിനുശേഷം കടുവ കാര്യമായി ഭക്ഷണം എടുത്തിരുന്നില്ല. എന്നാൽ പുത്തൂരിൽ എത്തിച്ച ശേഷം ചെറിയതോതിൽ വെള്ളവും ഭക്ഷണവും കഴിച്ചു തുടങ്ങിയത് ആരോഗ്യസ്ഥിതി പ്രത്യാശ നൽകുന്നതാണ്.