വേടന്റെ മാലയില്‍ പുലിപ്പല്ല്; കഞ്ചാവ് കേസിന് പിന്നാലെ കേസെടുത്ത് വനംവകുപ്പും
1 min read

കൊച്ചി: കഞ്ചാവ് കേസില്‍ പിടിയിലായ റാപ്പര്‍ വേടനെതിരെ കേസെടുത്ത് വനംവകുപ്പും. വേടന്റെ മാലയില്‍ പുലിപ്പല്ല് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തത്. പുലിപ്പല്ല് തായ്ലന്‍ഡില്‍ നിന്ന് എത്തിച്ചതെന്നാണ് വനം വകുപ്പിന് വേടന്‍ നല്‍കിയ മറുപടി. എന്നാല്‍ പുലിപ്പല്ല് നിയമവിരുദ്ധമാണെന്ന് വനം വകുപ്പ് വ്യക്തമാക്കി.കോടനാട് റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ ഫ്‌ളാറ്റില്‍ എത്തി നടത്തിയ പരിശോധനയിലാണ് മാല കണ്ടെത്തിയത്. വേടനെ പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുന്നതിന് പിന്നാലെ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപെടുത്തും. അതേസമയം വേടന്റെ ഒപ്പമുണ്ടായിരുന്നവരുടെ വാഹനവും പൊലീസ് പരിശോധിക്കുന്നുണ്ട്.
വേടന്‍ കഞ്ചാവ് ഉപയോഗിച്ചതായി ഇയാള്‍ തന്നെ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ആറ് ഗ്രാം കഞ്ചാവാണ് വേടന്റെ ഫ്‌ളാറ്റില്‍ നിന്ന് പിടിച്ചെടുത്തത്. മേശപ്പുറത്തും മറ്റിടങ്ങളിലുമായാണ് കഞ്ചാവ് കണ്ടെത്തിയത്. ഒമ്പതരലക്ഷം രൂപയും ഫ്‌ളാറ്റില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
തൃപ്പൂണിത്തുറ പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.വേടന്‍ അടക്കം ഒമ്പത് പേരാണ് ഫ്‌ളാറ്റില്‍ ഉണ്ടായിരുന്നത്. പ്രോഗ്രാമിന്റെ ആലോചന എന്ന പേരിലാണ് ഇവര്‍ ഫ്‌ളാറ്റില്‍ ഒത്തുകൂടിയത്. അതിനിടെ സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷ പരിപാടിയില്‍ നിന്നും വേടന്റെ റാപ്പ് ഷോ ഒഴിവാക്കി. കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത സാഹചര്യത്തിലാണ് തീരുമാനം.
