തലസ്ഥാനത്തെ ‘മാലിന്യത്തോട്’; ജോയി മരിച്ചിട്ട് ഒരുമാസം, മാറ്റമില്ലാതെ ആമയിഴഞ്ചാൻ തോട്
1 min read

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടിലെ മാല്യന്യ പ്രശ്നത്തിന് ഇനിയും പൂർണ പരിഹാരമായില്ല. ശുചീകരണ തൊഴിലാളി ജോയിയുടെ മൃതദേഹം ആമയിഴഞ്ചാൻ തോട്ടിൽ തകരപ്പറമ്പിന് സമീപത്തെ മാലിന്യ കുമ്പാരങ്ങൾക്കിടയിൽ നിന്നായിരുന്നു കണ്ടെത്തിയത്. ജോയിയെ കാണാതായ റെയിൽവേ ടണലിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് തകരപ്പറമ്പിലെ മാലിന്യക്കൂനയുള്ളത്. ഒരു മാസം മുമ്പ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തില്‍ മൂന്ന് മാസം കൊണ്ട് പൂർണമായി മാലിന്യം നീക്കുമെന്ന് പറഞ്ഞിരുന്നു. ടണലിലെ മാലിന്യം നീക്കം ചെയ്യാൻ മൂന്ന് മാസം സമയം വേണമെന്നാണ് ഇറിഗേഷൻ വകുപ്പ് അറിയിച്ചത്. പണം കൊടുക്കാൻ റെയിൽവെയ്ക്ക് കഴിയില്ലെന്ന് അറിയിച്ചതോടെ ഇറിഗേഷൻ വകുപ്പ് 65 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി കൊടുത്തു. ടണൽ നന്നാക്കാൻ ധനകാര്യവകുപ്പ് പണം പാസ്സാക്കിയിട്ടില്ല. ടണൽ വ്യത്തിയാക്കാനുള്ള എല്ലാ സഹായവും നൽകാമെന്ന് റെയിൽവെ അറിയിച്ചിട്ടുണ്ട്. ജോയി വീണ് മരിച്ച മാലിന്യത്തോട്ടിലെ 140 മീറ്റർ നീളത്തിലുള്ള ടണൽ അതേ പോലെ മാലിന്യം മൂടിക്കിടക്കുകയാണ്. 140 മീറ്റർ നീളമുള്ള ടണലിന് 2.47 മീറ്റർ ഉയരവും 4.6 മീറ്റർ വീതിയുമാണ് ഉള്ളത്. 65 ലക്ഷം രൂപ ചെലവഴിച്ച് ടണൽ വൃത്തിയാക്കിയാൽ ഓപ്പറേഷൻ സമയം ഹിറ്റാച്ചി കയറ്റിയിറക്കിയത് പോലെ വൃത്തിയാക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. ഇത് കൂടി വൃത്തിയായാൽ വെള്ളം ഒഴുകിപ്പോവുകയും തമ്പാനൂരിലെ വെള്ളക്കെട്ടിന് ഒരു പരിധിവരെ പരിഹാരം ആവുകയും ചെയ്യും. ഒഴുകിയെത്തുന്ന മാലിന്യങ്ങൾ തോടിന്റെ ഉപരിതലത്തിലാണ് അടിയുന്നത്. ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ തടയുന്നതിനായി ഫ്ലോട്ടിങ് മെഷീനാണ് ഉപയോഗിക്കുന്നത്. ഫ്ലോട്ടിങ് മെഷീനിലെ ചാക്കിൽ കിടക്കുന്ന മാലിന്യങ്ങൾ ദിവസവും കോർപറേഷൻ തൊഴിലാളികളെത്തി എടുത്തുമാറ്റാറാണ് പതിവ്. കുറച്ചുദിവസങ്ങളായി മലിന്യങ്ങൾ മാറ്റുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ജോയിയുടെ മൃതദേഹം ലഭിച്ച ശേഷം ഇവിടെ ഇറങ്ങാൻ പലരും മടിക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാൻ തയ്യാറാക്കിയ ഫ്ലോട്ടിങ് മെഷീന്റെ പ്രവർത്തനവും കാര്യക്ഷമമല്ല. അതേസമയം ഫ്ലോട്ടിങ് മെഷീൻ കോർപറേഷൻ ഫണ്ടിൽ സ്ഥാപിച്ചതല്ലെന്നും സിഎസ്ആർ ഡിപ്പാർട്ട്മെന്റ് അനുവദിച്ച ഫണ്ടിൽ നിന്ന് സ്ഥാപിച്ചതാണെന്നുമായിരുന്നു കോർപറേഷന്റെ ഭാഗത്ത് നിന്നുള്ള പ്രതികരണം. മാലിന്യം നീക്കം ചെയ്യാൻ കൃത്യമായി നിർദേശം നൽകിയിരുന്നുവെന്നും മാലിന്യം കുമിഞ്ഞുകൂടിയത് അറിഞ്ഞില്ലെന്നുമായിരുന്നു കോർപറേഷൻ്റെ മറുപടി. ജോയിയുടെ മൃതദേഹം മലിന്യ കൂമ്പാരത്തിൽ നിന്ന് ലഭിച്ചതിന് ശേഷം കോർപറേഷനിൽ നിന്ന് തൊഴിലാളികളെത്തി മാലിന്യം നീക്കുന്നുണ്ടെന്ന് പ്രദേശവാസി പറഞ്ഞു. മുൻപ് രൂക്ഷമായ ദുർഗന്ധമുണ്ടായിരുന്നു. ഇപ്പോൾ ദുർഗന്ധത്തിന് കുറവുണ്ടെന്നും പ്രദേശവാസി പറഞ്ഞു. അതേസമയം വരുന്നമാലിന്യങ്ങളെല്ലാം ഫ്ലോട്ടിങിൽ തങ്ങി നിൽക്കുവെന്നും അത് ഒഴുകി പോകുന്നില്ലെന്നും പ്രദേശവാസി ചൂണ്ടിക്കാട്ടി.
