July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 4, 2025

പി വി അന്‍വറിന്റെ ആരോപണങ്ങളില്‍ അടിയന്തര അന്വേഷണം വേണം: കെ സുധാകരന്‍

1 min read
SHARE

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കും എഡിജിപി അജിത്കുമാറിനും എതിരെ ഭരണകക്ഷി എംഎല്‍എ ഉന്നയിച്ച ആരോപണത്തില്‍ നിഷ്പക്ഷവും സത്യസന്ധവുമായ അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. മുഖ്യമന്ത്രിയുടെ ഓഫീസിനെയും ആഭ്യന്തരവകുപ്പിനെയും പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന ഗുരുതമായ വെളിപ്പെടുത്തലുകളാണ് പി വി അന്‍വര്‍ നടത്തിയത്. ഫോണ്‍ ചോര്‍ത്തല്‍, കൊലപാതകം, സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായി ബന്ധം ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് എഡിജിപിക്കെതിരെ ഭരണ കക്ഷി എംഎല്‍എയായ അൻവർ ഉന്നയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ എഡിജിപിയെ എത്രയും വേഗം സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു. ആഭ്യന്തര വകുപ്പിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്. പി വി അന്‍വറിന്റെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി മറുപടി പറയണം. മുമ്പ് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നേരിട്ട ഉദ്യോഗസ്ഥനാണ് ഈ എഡിജിപി. ഇദ്ദേഹത്തിന് ക്രമസമാധാന ചുമതല നല്‍കി കൊണ്ടാണ് രണ്ടാം പിണറായി സര്‍ക്കാര്‍ പ്രത്യുപകാരം ചെയ്തതെന്നും കെ സുധാകരന്‍ ചൂണ്ടിക്കാട്ടി. സ്വര്‍ണ്ണക്കടത്ത് ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് എല്ലാത്തരം നെറികേടുകളുടെയും സങ്കേതമാണെന്ന് താന്‍ ഉന്നയിച്ചതാണ്. അത് ശരിവെയ്ക്കുന്നതാണ് ഭരണകക്ഷി എംഎല്‍എയുടെ ആരോപണങ്ങള്‍. സ്ത്രീ വിഷയത്തില്‍ പുറത്താക്കപ്പെട്ട പി ശശിയെ മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിക്കാന്‍ നിയോഗിച്ചപ്പോള്‍ തന്നെ സിപിഐഎമ്മിന്റെ നിലപാട് വ്യക്തമാണ്. മുഖ്യമന്ത്രിയുടെ വിശ്വസ്തനാണ് പി ശശി. ഇദ്ദേഹം നടത്തുന്ന ഇടപാടുകള്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണ് നടക്കുന്നത്. പൂര്‍ണ്ണമായും ഉപജാപക സംഘത്തിന് സമ്പൂര്‍ണ്ണ വിധേയനായി പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനമാണ്. പിണറായി വിജയന് ആത്മാഭിമാനം ഉണ്ടെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പുറത്തുപോകണം. സിപിഐഎമ്മിലെയും പൊലീസിലെയും ലോബിയാണ് സംസ്ഥാനം ഭരിക്കുന്നതെന്നും കെ സുധാകരന്‍ ആരോപിച്ചു.