പിണറായി സര്‍ക്കാരിന്റെ നികുതിക്കൊള്ളയ്‌ക്കെതിരെ പ്രക്ഷോഭം ശക്തമാക്കും: വി ടി ബല്‍റാം
1 min readകണ്ണൂര്‍: സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസും മറ്റു നികുതി, ഫീസ് വര്‍ദ്ധനകളും പ്രാബല്യത്തില്‍ വന്നതോടെ സാധാരണക്കാരുടെ ജീവിതം സംസ്ഥാനത്ത് കൂടുതല്‍ ദുരിതപൂര്‍ണമായിരിക്കുകയാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം. ജനരോഷം ശക്തമായിട്ടും വര്‍ധിപ്പിച്ച നികുതിയില്‍ ഒരിളവും വരുത്തിയില്ലെന്നു മാത്രമല്ല, ബജറ്റില്‍ പ്രഖ്യാപിക്കാത്ത പല നികുതികളും പുതുതായി കൊണ്ടു വന്ന് ജനങ്ങളെ വെല്ലുവിളിക്കുകയാണ് പിണറായി സര്‍ക്കാരെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കവേ വി.ടി.ബല്‍റാം പറഞ്ഞു.എന്തിനും വികലമായ ന്യായീകരണങ്ങളാണ് മന്ത്രിമാര്‍ മുന്നോട്ടു വെയ്ക്കുന്നത്. ബ്രഹ്മപുരത്ത് മാലിന്യ സംസ്‌കരണത്തിലെ പാളിച്ച പറയുമ്പോള്‍ അമേരിക്കയിലും അങ്ങനെ സംഭവിച്ചതായി പറയും. ഇവിടെ നികുതി കൂട്ടിയത് പറയുമ്പോള്‍ തമിഴ്‌നാട്ടിലേയും കര്‍ണാടകയിലേയും കാര്യം പറയും. തുടര്‍ഭരണത്തിന്റെ ധാര്‍ഷ്ട്യത്തില്‍ പാവപ്പെട്ടവരുടെ നെഞ്ചത്തു ചവിട്ടിയുള്ള പിണറായി സര്‍ക്കാരിന്റെ താണ്ഡവം പൊതുസമൂഹം ഇനിയും സഹിക്കില്ല. അതിശക്തമായ പ്രക്ഷോഭങ്ങളിലൂടെ ജനദ്രോഹനയങ്ങളെ തിരുത്തിക്കാനുള്ള പോരാട്ടമാണ് വരാന്‍ പോകുന്നത്. കെപിസിസി 138 ചലഞ്ചിന്റെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. നേതാക്കളായ അഡ്വ . പി എം നിയാസ് , കെ സി മുഹമ്മദ് ഫൈസൽ ,കെ പ്രമോദ് ,ഷമ മുഹമ്മദ് ,രാജീവൻ എളയാവൂർ ,വി പി അബ്ദുൽ റഷീദ് ,കെ പി സാജു , ബേബി തോലാനി ,ബെന്നി തോമസ് ,കെ ബാലകൃഷ്ണൻ മാസ്റ്റർ ,ടി ജയകൃഷ്ണൻ,രാജീവൻ കപ്പച്ചേരി തുടങ്ങിയവർ സംസാരിച്ചു