സ്തനാര്‍ബുദം പ്രാരംഭഘട്ടത്തില്‍ കണ്ടെത്തുന്നതിന് ജില്ലാ, താലൂക്ക് തല ആശുപത്രികളില്‍ മാമോഗ്രാം: മന്ത്രി വീണാ ജോര്‍ജ്
1 min read

സ്തനാര്‍ബുദം ബാധിച്ചവരെ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ കാന്‍സര്‍ സെന്ററുകള്‍ക്കും പ്രധാന മെഡിക്കല്‍ കോളേജുകള്‍ക്കും പുറമേ ജില്ലാ, താലൂക്ക് തല ആശുപത്രികളില്‍ കൂടി മാമോഗ്രാം മെഷീനുകള്‍ സ്ഥാപിക്കുന്നതായി മന്ത്രി വീണാ ജോര്‍ജ്. 2.4 കോടി രൂപ ചെലവഴിച്ച് കെ.എം.എസ്.സി.എല്‍. വഴി 8 ആശുപത്രികളിലാണ് ആദ്യ ഘട്ടത്തില്‍ മാമോഗ്രാം സ്ഥാപിക്കുന്നത്.
ആലപ്പുഴ ജനറല്‍ ആശുപത്രി, കാസര്‍ഗോഡ് ജനറല്‍ ആശുപത്രി, കോഴിക്കോട് ജനറല്‍ ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, പാല ജനറല്‍ ആശുപത്രി, തിരൂര്‍ ജില്ലാ ആശുപത്രി, അടിമാലി താലൂക്കാശുപത്രി, നല്ലൂര്‍നാട് ട്രൈബല്‍ ആശുപത്രി എന്നിവിടങ്ങളിലാണ് മാമോഗ്രാം അനുവദിച്ചിട്ടുള്ളത്. ഇതില്‍ 5 ആശുപത്രികളില്‍ മാമോഗ്രാം മെഷീനുകള്‍ എത്തിയിട്ടുണ്ട്. ബാക്കിയുള്ള 3 ആശുപത്രികളില്‍ കൂടി ഉടന്‍ എത്തുന്നതാണ്. സമയബന്ധിതമായി മെഷീനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് പരിശോധനകള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി ആര്‍ദ്രം മിഷന്റെ ഭാഗമായി സമഗ്ര കാന്‍സര്‍ കെയര്‍ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നു. കാന്‍സര്‍ പ്രാരംഭ ഘട്ടത്തില്‍ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനായി ആര്‍ദ്രം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംഗിന്റെ ഭാഗമായി 30 വയസിന് മുകളിലുള്ളവരെ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി സ്‌ക്രീന്‍ ചെയ്തു വരുന്നു. ആകെ 1.53 കോടിയിലധികം പേരെ സ്‌ക്രീന്‍ ചെയ്തതില്‍ 7.9 ലക്ഷത്തിലധികം പേര്‍ക്കാണ് സ്തനാര്‍ബുദ സാധ്യത കണ്ടെത്തിയത്. ഇവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി രോഗം സ്ഥിരീകരിച്ചവര്‍ക്ക് ചികിത്സ ഉറപ്പാക്കുന്നു. ഈ പരിശോധനയിലും ഏറ്റവുമധികം കണ്ടെത്തിയ കാന്‍സര്‍ സ്തനാര്‍ബുദമാണ്. അതിനാല്‍ തന്നെ സ്തനാര്‍ബുദ പ്രതിരോധത്തിനും ചികിത്സയ്ക്കും ആരോഗ്യ വകുപ്പ് പ്രത്യേക പ്രാധാന്യം നല്‍കുന്നു.
