ക്യാംപിൽ കഴിയുന്നവരെ ഒരാഴ്ചയ്ക്കുള്ളിൽ വീടുകളിലേക്കു മാറ്റണം;നിർമാണ പ്രവർത്തനങ്ങൾ മുൻകൂട്ടി അറിയിക്കണം

1 min read
SHARE

കൊച്ചി∙ വയനാട് ഉരുൾപൊട്ടൽ ബാധിതരിൽ ഇപ്പോഴും ക്യാംപിൽ കഴിയുന്നവരെ ഒരാഴ്ചയ്ക്കുള്ളിൽ വീടുകളിലേക്കു മാറ്റി താമസിപ്പിക്കണമെന്നു ഹൈക്കോടതി. ദുരന്തമുണ്ടായിട്ട് ഒരു മാസം കഴിഞ്ഞു. ക്യാംപിൽ ജീവിക്കുന്നതു സന്തോഷകരമായ കാര്യമല്ല. ആരെങ്കിലും ക്യാംപിൽനിന്നു മാറാൻ തയാറാകുന്നില്ലെങ്കിൽ പിന്നിൽ ചില കാരണങ്ങളുണ്ടാകും. അത് പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു.

ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനു ടൗൺഷിപ് അടക്കമുള്ള നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനു മുൻപ് കോടതിയെ അറിയിക്കണമെന്നും ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, വി.എം.ശ്യാംകുമാർ എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു. വയനാട് ദുരന്തമുണ്ടായ ശേഷം സ്വമേധയാ എടുത്ത കേസിൽ എല്ലാ വെള്ളിയാഴ്ചയും കോടതി വാദം കേൾക്കുന്നുണ്ട്.