May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 9, 2025

ഹൈക്കോടതി നിര്‍ദേശിച്ചതുപോലെ പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്; സ്വമേധയാ കേസെടുക്കാൻ കഴിയില്ല: സതീദേവി

1 min read
SHARE

തിരുവനന്തപുരം: വനിതാ കമ്മീഷൻ്റെ അധികാര പരിധിക്കകത്തുനിന്ന് കൊണ്ട് പൊതുതാൽപര്യ ഹര്‍ജിയില്‍ ഹൈക്കോടതി എന്താണോ നിർദേശിച്ചിട്ടുള്ളത് അതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ തയ്യാറാണെന്ന് വനിതാ കമ്മീഷൻ ചെയർപേഴ്സൺ പി സതീദേവി. ഇത്തരം കാര്യങ്ങളിൽ സ്വമേധയാ കേസെടുക്കാൻ കഴിയില്ല. ആർക്കാണോ പരാതി പറയാനുള്ളത്, ആ പരാതി സംബന്ധിച്ച ആധികാരിക വിവരങ്ങൾ ഉണ്ടെങ്കിൽ മാത്രമേ തുടർനടപടികൾ സ്വീകരിക്കാൻ സാധിക്കുകയുള്ളൂ. നിലവിലുള്ള നിയമ വ്യവസ്ഥയിൽ പരാതിക്കാർ മുന്നോട്ട് വന്നാൽ മാത്രമേ നടപടിയെടുക്കാൻ കഴിയുകയുള്ളൂവെന്നും പി സതീദേവി പറഞ്ഞു.

റിപ്പോർട്ടിൽ സ്ത്രീകളുടെയും പുരുഷന്മാരുടെയും പരാധിതിയുണ്ടെന്നാണ് മനസിലാക്കുന്നത്. കോൺഫിഡൻഷ്യലായി പ്രസിദ്ധീകരിക്കപ്പെടാതെ മാറ്റിവെച്ച റിപ്പോർട്ടിലെ ഭാ​ഗങ്ങൾ ഹൈക്കോടതിയിൽ വരുമ്പോൾ കോടതിയ്ക്ക് തന്നെ സ്വമേധയാ കേസെടുക്കാൻ സാധിക്കും. പരാമർശത്തിന് വിധേയമായിട്ടുള്ള ആളുകളുടെ പേരുകൾ പ്രസിദ്ധീകരിക്കപ്പെടാത്ത ഭാ​ഗങ്ങളിലുണ്ടെങ്കിൽ തീർച്ചയായും മൊഴി നൽകിയ സ്ത്രീകളെ കോടതി മുമ്പാകെ വിളിച്ച് ചേർത്തുകൊണ്ട്, വളരെ കോൺഫിഡൻഷ്യലായി തെളിവെടുത്തുകൊണ്ട് നടപടികൾ സ്വീകരിക്കാനായി സാധിക്കുമെന്നും പി സതീദേവി പറഞ്ഞു.

എന്ത് തരത്തിലുള്ള പരിഹാര മാർ​ഗ്ഗങ്ങള്‍ വേണമെന്ന് പറയാൻ പരാതിക്കാരായ ആളുകൾ മുന്നോട്ട് വരണം. ക്രിമിനൽ നടപടി ചട്ടത്തിന്റെ ഭാ​ഗമായാണ് നമ്മുടെ നിയമ വ്യവസ്ഥ ഉള്ളത് എന്നതുകൊണ്ട് തന്നെ പരാതിയില്ലാതെ പൊലീസിന് കേസെടുക്കാൻ പറ്റില്ല. പരാതിക്കാരില്ലാതെ കേസെടുത്തുകഴിഞ്ഞാൽ അതിന് നിലനിൽപ്പുണ്ടാകില്ല, അതുകൊണ്ട് പരാതിക്കാർ മുന്നോട്ട് വരാൻ തയ്യാറാകട്ടെ. കേരളത്തിൽ അതിനുള്ള ആർജവമെങ്കിലും തൊഴിൽ മേഖലയിലുള്ള ആളുകൾ കൈകൊള്ളട്ടെയെന്നാണ് ആ​ഗ്രഹിക്കുന്നത്. ആത്മാഭിമാനത്തോടുകൂടി പരാതിയുമായി ബന്ധപ്പെട്ട കക്ഷികൾ മുന്നോട്ടുവന്നുകഴിഞ്ഞാൽ അവർ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് മാത്രമല്ല, ഭാവിയിൽ അത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനും സിനിമ മേഖലയില്‍ സ്ത്രീ സൗഹൃദ അന്തരീക്ഷം ഉറപ്പുവരുത്താനും കഴിയുകയുള്ളൂ. അതിനാവശ്യമായ നിലപാട് എല്ലാവരും സ്വീകരിക്കട്ടെ’.

വനിതാ കമ്മീഷൻ ഈ സംസ്ഥാനത്തെ ഏത് തൊഴിൽ മേഖലയിലുള്ള സത്രീകൾക്കും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹാരം കാണുന്നതിനായി എക്കാലത്തും ഇടപ്പെട്ടിട്ടുണ്ടെന്ന് സതീദേവി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് ശേഷം സാംസ്കാരിക വകുപ്പ് മുൻ കൈ എടുത്ത് തൊഴിലിടങ്ങളിൽ പരാതി പരിഹാര സംവിധാനം ഉണ്ടാക്കാൻ വനിതാ കമ്മീഷനെ കൂടെ ചുമതലപ്പെടുത്തിക്കൊണ്ടാണ് തീരുമാനമെടുത്തിട്ടുള്ളത്. ഇന്ന് എല്ലാ സിനിമ യൂണിറ്റുകളിലും പരാതി പരിഹാര യൂണിറ്റുകൾ നിലവിൽ വന്നിട്ടുണ്ട്. അതുറപ്പുവരുത്താൻ വനിതാ കമ്മീഷന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ട്. സിനിമ മേഖലയിലുള്ള എല്ലാ സംഘടനകളേയും വിളിച്ചുകൊണ്ടുള്ള മീറ്റിങ് നടത്തിയിരുന്നു. സാംസ്കാരിക വകുപ്പ് മുൻകൈ എടുത്ത് നടത്തിയ മീറ്റിങ്ങിൽ വനിതാ കമ്മീഷനേയും ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പരാതി പരിഹാര സമിതി ഉണ്ടായതെന്നും സതീദേവി കൂട്ടിച്ചേര്‍ത്തു.