യൂത്ത് കോൺഗ്രസ് ജില്ലയിലെ 1000 വീടുകളിൽ ഗാന്ധി – നെഹ്റു ഛായ ചിത്രം സ്ഥാപിക്കും – വിജിൽ മോഹനൻ

1 min read
SHARE

 

കണ്ണൂർ: മഹാത്മാഗാന്ധി സ്വാതന്ത്ര്യം നേടിത്തന്ന നാട്ടിൽ ഗാന്ധി സ്തൂപം വീട്ടിൽ പോലും സ്ഥാപിക്കേണ്ട എന്ന സിപിഎം തിട്ടൂരത്തിനെതിരെയും നെഹ്റു യുവ കേന്ദ്രയുടെ പേരുമാറ്റാനുള്ള ചരിത്ര നിന്ദക്കെതിരെയും യൂത്ത് കോൺഗ്രസ് ജില്ലയിലെ 1000 വീടുകളിൽ ഗാന്ധി – നെഹ്റു ഛായ ചിത്രം സ്ഥാപിക്കുമെന്ന് ജില്ലാ പ്രസിഡൻ്റ് വിജിൽ മോഹനൻ പത്ര സമ്മേളനത്തിൽ അറിയിച്ചു. ഗാന്ധി സ്തൂപം അടുക്കളയിൽ പോലും പണിയാൻ വിടില്ല എന്ന് പറഞ്ഞ സിപിഎമ്മിനെതിരെ ശക്തമായ പ്രചാരണം നടത്തും. ഗാന്ധി വീടിന്റെ അടുക്കളയിലല്ല, ഓരോ വീടിൻ്റെയും പൂമുഖത്തായിരിക്കും ഇനി പ്രകാശം പരത്തുക. ഗാന്ധി നിന്ദക്കെതിരെ ഒന്നല്ല, ഒരായിരം ഗാന്ധിഭവനങ്ങൾ ജില്ലയിലുണ്ടാകും.

ഗാന്ധി നിന്ദ പ്രസംഗം നടത്തിയ സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം പി.വി. ഗോപിനാഥിനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. കൂടാതെ മലപ്പട്ടത്ത് കൊലവിളി പ്രസംഗം നടത്തിയ സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെതിരെയും ഡിവൈഎഫ്ഐ നേതാവ് സരിൻ ശശിക്ക് എതിരെയും യൂത്ത് കോൺഗ്രസ്‌ പോലീസിൽ പരാതി നൽകി. കൊലവിളി പ്രസംഗം നടത്തിയ യുവജനക്ഷേമ ബോർഡിൻ്റെ ജില്ല കോർഡിനേറ്റരായ സരിൻ ശശി തൽസ്ഥാനത്ത് തുടരാൻ യോഗ്യനല്ല. ഇയാളെ മാറ്റണമെന്നാവശ്യപ്പെട്ട്ഗവർണർക്കും പരാതി നൽകും.
മലപ്പട്ടം പഞ്ചായത്തിൽ സിപിഎം നടത്തിയ മണൽകടത്ത് അഴിമതി കേസിൻ്റെ വിചാരണ നടക്കുന്നതിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് സിപിഎം അക്രമം നടത്തിയത്. പാർട്ടി സംസ്ഥാന സെക്രട്ടറിയും സ്ഥലം എംഎൽഎയുമായ എം.വി. ഗോവിന്ദൻ്റെ മൗനാനുവാദത്തോടെയാണ് ഇതെല്ലാം നടന്നത്. മലപ്പട്ടത്തെ
പദയാത്രയിൽ പങ്കെടുത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഫോട്ടോ എടുത്ത് അവരെ അക്രമിക്കാൻ ആഹ്വാനം ചെയ്ത് സിപിഎം പ്രചരിപ്പിക്കുന്നു. പോലീസും ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. തളിപ്പറമ്പിലെ ഇർഷാദിൻ്റെ വീട് അക്രമിച്ച പ്രതികളെ പിടികൂടാൻ ഇതുവരെ പോലീസ് തയ്യാറായിട്ടില്ല.
ഇനിയും ഈ നിഷ്ക്രീയത തുടർന്നാൽ പോലീസ് സ്റ്റേഷൻ മാർച്ച്‌ ഉൾപ്പടെയുള്ള ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും വിജിൽ മോഹനൻ മുന്നറിയിപ്പ് നൽകി.
സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ട്, അഡ്വ. വി പി അബ്ദുൽ റഷീദ്, വരുൺ എം കെ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.