100 സുവർണ്ണ ദിനങ്ങൾ’: കേരള ബാങ്ക് പ്രത്യേക സ്വർണ്ണപ്പണയ വായ്പ ക്യാമ്പയിൻ ആരംഭിച്ചു

1 min read
SHARE

സ്വർണ്ണപ്പണയ വായ്പ കൂടുതൽ ആകർഷകമാക്കിക്കൊണ്ട് 100 ദിവസം നീണ്ടുനിൽക്കുന്ന ഒരു പ്രത്യേക സ്വർണ്ണപ്പണയ വായ്പാ ക്യാമ്പയിൻ “100 സുവർണ്ണ ദിനങ്ങൾ” (100 Golden Days) എന്ന പേരിൽ കേരള ബാങ്ക് ആരംഭിച്ചു. 24.07.2025 മുതൽ 31.10.2025 വരെയാണ് ക്യാമ്പയിൻ കാലാവധി. ക്യാമ്പയിൻ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കൽ ബാങ്കിന്റെ മുഴുവൻ ജീവനക്കാരെയും വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്തുകൊണ്ട് കിക്ക് ഓഫ് നടത്തി.ക്യാമ്പയിന്റെ ഔപചാരികമായ ഉദ്ഘാടനം ആഗസ്റ്റ് രണ്ടാം തീയതി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് കോഴിക്കോട് വെച്ച് നിർവഹിക്കും. ചടങ്ങിൽ വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷത വഹിക്കും. കോഴിക്കോട് മേയർ ഡോ: ബീന ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തും. ബാങ്കിന്റെ ഭരണസമിതി, ബോർഡ് ഓഫ് മാനേജ്മെന്റ് അംഗങ്ങൾ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.ക്യാമ്പയിൻ കാലയളവിൽ ഒരു ലക്ഷം രൂപ വരെയുള്ള സ്വർണ്ണപ്പണയ വായ്പകൾക്ക് 100 രൂപയ്ക്ക് പ്രതിമാസ പലിശ വെറും 77 പൈസ മാത്രമായിരിക്കും. “100 സുവർണ്ണ ദിനങ്ങൾ” ക്യാമ്പയിനിലൂടെ ബാങ്കിന്റെ സ്വർണ്ണപ്പണയ വായ്പയിൽ വൻവർദ്ധനവാണ് ബാങ്ക് ലക്ഷ്യമിടുന്നത്. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ, ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികൾ എന്നിവ വളരെ ഉയർന്ന പലിശ ഈടാക്കുന്ന സാഹചര്യമുണ്ട്. ഈ അവസരത്തിൽ കേരള ബാങ്ക് വളരെ ചുരുങ്ങിയ പലിശ നിരക്കിൽ സ്വർണ്ണവായ്പ നൽകുന്നത് ഇടപാടുകാർ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കൽ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർട്ടി എം ചാക്കോ എന്നിവർ അറിയിച്ചു.