കങ്കണയ്ക്ക് പിന്നാലെ ഇന്ദിരാഗാന്ധിയാവാൻ ഒരുങ്ങി വിദ്യാബാലൻ; തിരക്കഥയാവുന്നത് ആ ഹിറ്റ് പുസ്തകം

1 min read
SHARE

നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത് ഒരുക്കിയ എമർജൻസി എന്ന സിനിമ സെൻസർ കുരുക്കിൽപ്പെട്ടിരിക്കുകയാണ്. മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ജീവിതം അവതരിപ്പിക്കുന്ന സിനിമയിൽ സിഖ് സമുദായത്തെ അപമാനിക്കുന്ന രംഗങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധം ഉയർന്നതോടെയാണ് ചിത്രം സെൻസർ പ്രശ്‌നങ്ങളിൽ ഇടംപിടിച്ചത്. കങ്കണ തന്നെ നിർമിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ചിത്രത്തിൽ ഇന്ദിര ഗാന്ധി ആയി അഭിനയിച്ചതും കങ്കണ റണാവത്ത് തന്നെയായിരുന്നു. ഇപ്പോഴിതാ മറ്റൊരു താരവും ഇന്ദിര ഗാന്ധിയാവാൻ ഒരുങ്ങുകയാണ്. ബോളിവുഡ് താരം വിദ്യാ ബാലനാണ് ഇന്ദിര ഗാന്ധിയായി എത്തുന്നത്. മാധ്യമപ്രവർത്തക സാഗരിക ഘോഷിന്റെ 2017 ൽ പുറത്തിറങ്ങിയ ‘ഇന്ദിര: ഇന്ത്യാസ് മോസ്റ്റ് പവർഫുൾ പ്രൈം മിനിസ്റ്റർ’ എന്ന പുസ്തകം അടിസ്ഥാനമാക്കി ഒരുങ്ങുന്ന വെബ്ബ് സീരിസിലാണ് വിദ്യാബാലൻ അഭിനയിക്കാൻ ഒരുങ്ങുന്നത്. പുസ്തകം സീരിസ് ആക്കാനുള്ള അവകാശം വിദ്യാ ബാലൻ നേരത്തെ സ്വന്തമാക്കിയിരുന്നു. റോയ് കപൂർ ഫിലിംസിന്റെ ബാനറിൽ വിദ്യയുടെ പങ്കാളി കൂടിയായ സിദ്ധാർത്ഥ് റോയ് കപൂർ ആണ് സീരിസ് നിർമിക്കാനിരിക്കുന്നത്. ഫസ്റ്റ് പോസ്റ്റിന് നൽകിയ അഭിമുഖത്തിലായിരുന്നു വിദ്യാ ബാലൻ വെബ് സീരിസിനെ കുറിച്ചും അതിന്റെ നിർമാണത്തെക്കുറിച്ചും തുറന്നുപറഞ്ഞത്. സീരിസ് ഒരുക്കാനായി ആഗ്രഹമുണ്ടെങ്കിലും അതിന് ഒരുപാട് സമയം എടുക്കുന്നുണ്ടെന്നും നിലവിൽ സീരിസിന് വേണ്ടിയുള്ള തിരക്കഥ തയ്യാറാക്കുകയാണെന്നും വിദ്യാബാലൻ പറഞ്ഞു. തിരക്കഥയുടെ ഫൈനൽ ഡ്രാഫ്റ്റ് ഉടനെ തയ്യാറാവുമെന്നും വിദ്യാബാലൻ പറഞ്ഞു. ‘അഞ്ച് വർഷം മുമ്പ് ഒന്നിലധികം ആളുകൾ എനിക്ക് ഈ വേഷം വാഗ്ദാനം ചെയ്തു. പക്ഷേ, ഞാൻ അവരോട് പറഞ്ഞു, നിങ്ങൾക്ക് ആവശ്യമായ അനുമതികൾ ലഭിക്കാത്തിടത്തോളം കാലം എനിക്ക് സിനിമ ചെയ്യാൻ കഴിയില്ല. എന്നാൽ വെബ് സീരിസിൽ ഇത് വളരെ എളുപ്പമാണ്’ -വിദ്യാ ബാലൻ വ്യക്തമാക്കി. തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ വേഷം ചെയ്യാൻ തനിക്ക് അവസരം വന്നിരുന്നെന്നും എന്നാൽ ഇന്ദിരാഗാന്ധിയെ അവതരിപ്പിക്കാൻ തയ്യാറെടുക്കുന്നതിനാൽ, രാഷ്ട്രീയത്തിൽ നിന്നുള്ള കഥാപാത്രങ്ങൾ തുടർച്ചയായി ആഗ്രഹമില്ലാഞ്ഞതിനാലാണ് ആ വേഷം ഏറ്റെടുക്കാതിരുന്നതെന്നും വിദ്യാ ബാലൻ പറഞ്ഞു.