അണിയറയിൽ ഒരുങ്ങുന്നത് ബിഗ്ബജറ്റ് ചിത്രങ്ങൾ, 2025-ൽ കസറാൻ മോഹൻലാൽ
1 min read

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിന്റെ പുതിയ സിനിമകളുടെ വിഡിയോയുമായി ആശീർവാദ് സിനിമാസ്. ഈ വർഷം ബറോസ് മാത്രമാണ് മോഹൻലാലിന്റേതായി റിലീസിന് ഒരുങ്ങുന്നത്. 2025ൽ നാല് പടങ്ങളുണ്ട്. ഇവയുടെ റിലീസ് തിയതിയും നിർമാതാക്കൾ പുറത്തുവിട്ടിട്ടുണ്ട്.വരാനിരിക്കുന്ന മോഹൻലാൽ ചിത്രങ്ങൾ എന്ന് പറഞ്ഞുകൊണ്ടാണ് വിഡിയോ തുടങ്ങുന്നത്. ബറോസ്, തുടരും, എമ്പുരാൻ, ഹൃദയപൂർവ്വം, വൃഷഭ എന്നീ ചിത്രങ്ങളുടെ പോസ്റ്ററുകളും റിലീസ് തീയതിയുമാണ് പങ്കുവച്ചിരിക്കുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ സംവിധാനം ചെയ്യുന്ന ത്രീഡി ചിത്രമാണ് ബറോസ്. ക്രിസ്തുമസ് റിലീസായി ഡിസംബർ 25-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
തുടരും 2025 ജനുവരി 30-ന് തിയേറ്ററുകളിലെത്തും. വർഷങ്ങൾക്ക് ശേഷം ശോഭന- മോഹൻലാൽ ജോഡി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന എമ്പുരാൻ മാർച്ച് 27നാണ് തിയറ്ററുകളിൽ എത്തുക.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടൊവിനോ തോമസ്, മഞ്ജു വാര്യർ, പൃഥ്വിരാജ് തുടങ്ങി ഒട്ടനവധി താരങ്ങൾ അണിനിരക്കുന്നുണ്ട്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം ഓഗസ്റ്റ് 28-ന് തിയേറ്ററുകളിലെത്തും.
പുലിമുരുകൻ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം പീറ്റർ ഹെയ്നയും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രം വൃഷഭ 2025 ഒക്ടോബർ 16-നാണ് തിയേറ്ററുകളിലെത്തുന്നത്. 200 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രമാണ് വൃഷഭ.
