പല റോഡുകളും ഡിസൈൻ ചെയ്യുന്നത് ഗൂഗിൾ മാപ്പ് നോക്കി, എൻജിനീയർമാർക്ക് റോളില്ല’; ആരോപണവുമായി ഗണേഷ് കുമാർ
1 min read

പാലക്കാട് – കോഴിക്കോട് ദേശീയപാതയിലെ പനയമ്പാടത്ത് സിമന്റ് ലോറി മറിഞ്ഞ് നാല് വിദ്യാർഥിനികൾ മരിച്ച സംഭവത്തിന് പിന്നാലെ റോഡ് നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടി ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഗണേഷ് കുമാർ ഇക്കാര്യം പറഞ്ഞു. ദേശീയപാതയടക്കമുള്ള പ്രധാന റോഡുകൾ ഡിസൈൻ ചെയ്യുന്നത് പലപ്പോഴും കോണ്‍ട്രാക്ടര്‍മാരാണെന്നും ഗൂഗിൾ മാപ്പ് നോക്കിയാണ് ഡിസൈൻ ചെയ്യുന്നതെന്നും വിദഗ്ധർക്ക് വലിയ പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡിസൈന്‍ ചെയ്യുമ്പോൾ റോഡരികില്‍ വീടുണ്ടോ വഴിയുണ്ടോ എന്നൊന്നും പരിഗണിക്കില്ല. വളവ്, കയറ്റം, ഇറക്കം എന്നിവയൊന്നും ശ്രദ്ധിക്കില്ലെന്നും മന്ത്രി പറഞ്ഞു. വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്താനായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസുമായി സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. റോഡുകളിലെ ബ്ലൈന്‍ഡ് സ്പോട്ടുകള്‍ കണ്ടെത്തി പട്ടിക നൽകാൻ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
