April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 19, 2026

കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു;അനിത തമ്പിക്ക് കവിതയ്ക്കും ഇന്ദുഗോപന് നോവലിനും പുരസ്‌കാരം

SHARE

 

തൃശ്ശൂര്‍: 2024ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അക്കാദമി വിശിഷ്ടാംഗത്വത്തിന് കെ വി രാമകൃഷ്ണനും ഏഴാച്ചേരി രാമചന്ദ്രനും അര്‍ഹരായി. അനിത തമ്പിക്ക് കവിതയ്ക്കും ഇന്ദുഗോപന് നോവലിനും പുരസ്‌കാരം ലഭിച്ചു.വിശിഷ്ടാംഗത്വം ലഭിച്ചവര്‍ക്ക് അമ്പതിനായിരം രൂപയും രണ്ടു പവന്റെ സ്വര്‍ണ്ണപതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് പി കെ എന്‍ പണിക്കര്‍, പയ്യന്നൂര്‍ കുഞ്ഞിരാമന്‍, എം എം നാരായണന്‍, ടി കെ ഗംഗാധരന്‍, കെ ഇ എന്‍, മല്ലികാ യൂനിസ് എന്നിവര്‍ക്കാണ്. മുപ്പതിനായിരം രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം. മലയാള സാഹിത്യത്തിന് ഗണ്യമായ സംഭാവനകള്‍ അര്‍പ്പിച്ച എഴുപത് വയസ്സ് പിന്നിട്ട എഴുത്തുകാരെയാണ് ഈ പുരസ്‌കാരത്തിന് പരിഗണിക്കുന്നത്.

കവിതയ്ക്കുള്ള പുരസ്‌കാരം അനിത തമ്പിക്കാണ്. മുരിങ്ങ വാഴ കറിവേപ്പ് എന്ന കവിതയ്ക്കാണ് പുരസ്‌കാരം. നോവലിനുള്ള പുരസ്‌കാരം ജി ആര്‍ ഇന്ദുഗോപനാണ്. ആനോ എന്ന നോവലിനാണ് പുരസ്‌കാരം. ചെറുകഥയ്ക്കുള്ള പുരസ്‌കാരം വി ഷിനിലാലിനാണ്. ഗരിസപ്പ അരുവി അഥവാ ഒരു ജലയാത്ര എന്ന ചെറുകഥയ്ക്കാണ് പുരസ്‌കാരം.നാടകത്തിനുള്ള പുരസ്‌കാരം പിത്തളശലഭം എന്ന നാടകത്തിലൂടെ ശശിധരന്‍ നടുവില്‍ നേടി. സാഹിത്യവിമര്‍ശനത്തിനുള്ള പുരസ്‌കാരം രാമായണത്തിന്റെ ചരിത്രസഞ്ചാരങ്ങള്‍ എന്ന കൃതിയിലൂടെ ജി ദിലീപനാണ്.

വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്‌കാരം നിര്‍മ്മിതബുദ്ധികാലത്തെ സാമൂഹികരാഷ്ട്രീയ ജീവിതം എന്ന കൃതിയിലൂടെ ദീപക് പി നേടി. കെ ആര്‍ അജയന്‍ എഴുതിയ ആരോഹണം ഹിമാലയന്‍ എന്ന പുസ്തകത്തിനാണ് യാത്രാവിവരണത്തിനുള്ള പുരസ്‌കാരം. ജിയോ കോന്‍ഡ ബെല്ലിയുടെ പുസ്തകം എന്റെ രാജ്യം എന്റെ ശരീരം വിവര്‍ത്തനം ചെയ്ത ചിഞ്ജു പ്രകാശിനാണ് വിവര്‍ത്തനത്തിനുള്ള പുരസ്‌കാരം. ബാലസാഹിത്യത്തിനുള്ള പുരസ്‌കാരം അമ്മമണമുള്ള കനിവുകള്‍ എന്ന കൃതിയിലൂടെ ഇ എന്‍ ഷിജയ്ക്കാണ്. ഹാസസാഹിത്യത്തിനുള്ള പുരസ്‌കാരം നിരഞ്ജനാണ്. കേരളത്തിന്റെ മൈദാത്മകത( വറുത്തരച്ച ചരിത്രത്തോടൊപ്പം) എന്ന പുസ്തകത്തിനാണ് പുരസ്‌കാരം.എന്‍ഡോവ്‌മെന്റ് അവാര്‍ഡുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഉപന്യാസത്തിനുള്ള സി ബി കുമാര്‍ അവാര്‍ഡ് എം സ്വരാജിനാണ്. പൂക്കളുടെ പുസ്തകം എന്ന കൃതിക്കാണ് പുരസ്‌കാരം. സാഹിത്യവിമര്‍ശത്തിനുള്ള കുറ്റിപ്പുള അവാര്‍ഡ് ഡോ. എസ് എസ് ശ്രീകുമാറിനാണ്. മലയാള സാഹിത്യ വിമര്‍ശനത്തിലെ മാര്‍ക്‌സിയന്‍ സ്വാധീനം എന്ന കൃതിയ്ക്കാണ് അവാര്‍ഡ്. വൈജ്ഞാനികസാഹിത്യത്തിനുള്ള ജി എന്‍ പിള്ള അവാര്‍ഡ് ഡോ. സൗമ്യ കെ സിയ്ക്കും ഡോ. ടി എസ് ശ്യാംകുമാറിനുമാണ്.