കൊയിലാണ്ടിയിൽ വൻ ചന്ദന വേട്ട; 130 കിലോയോളം ചന്ദനം പിടികൂടി
1 min read

കോഴിക്കോട് കൊയിലാണ്ടിയിൽ വൻ ചന്ദന വേട്ട. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കോഴിക്കോട് വിജിലൻസ് വിഭാഗം ഡിവിഷണൽ ഫോറസ്ററ് ഓഫീസറുടെ നിർദ്ദേശാനുസരണം നടന്ന പരിശോധനയിലാണ് ചന്ദനം പിടിച്ചത്. കോഴിക്കോട് വനം വിജിലൻസ് വിഭാഗം ഇന്ന് കൊയിലാണ്ടി താലൂക്ക് മൂടാടി പഞ്ചായത്തിൽ മുച്ചുകുന്നു വീട്ടിൽ വിനോദൻ എന്നയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് വൻ തോതിൽ ചന്ദനം കണ്ടെത്തിയത്. 130 കിലോയോളം ചന്ദനവും ചന്ദനം ചെത്തി ഒരുക്കാൻ ഉപയോഗിച്ച വാക്കത്തി, ഇലക്ട്രോണിക് ത്രാസ്, ഒരു മാരുതി എക്സ്പ്രെസോ കാർ, ഹോണ്ട ആക്ടീവ സ്കൂട്ടർ എന്നിവയും പിടിച്ചെടുത്തു.മുച്ചുകുന്ന് സ്വദേശികളായ വിനോദൻ, ബൈജു, ബജിൻ, രതീഷ് പിഎം എന്നിവരെയാണ് പിടികൂടിയത്. പിടിച്ചെടുത്ത ചന്ദനത്തിന് ഏകദേശം 5 ലക്ഷം രൂപ വില കണക്കാക്കുന്നു. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളെയും വസ്തുക്കളും വിശദമായ അന്വേഷണങ്ങൾക്കായി പെരുവണ്ണാമൂഴി സ്റ്റേഷനിലേക്ക് കൈമാറി.
