July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 2, 2025

ഐസി ബാലകൃഷ്ണന് പുതിയ കുരുക്ക്; ബത്തേരി ബാങ്ക്‌ നിയമന കോഴയിൽ വീണ്ടും പരാതി

1 min read
SHARE

ഐസി ബാലകൃഷ്ണനെതിരെ വീണ്ടും നിയമനക്കോ‍ഴ കുരുക്ക്. ബത്തേരി ബാങ്ക്‌ നിയമന കോഴയിൽ വീണ്ടും പരാതി. നെന്മേനി താമരച്ചാലിൽ ഐസക്ക്‌ ആണ്‌ പരാതി നൽകിയത്‌. ഐസി ബാലകൃഷ്ണനുവേണ്ടി എൻഎം വിജയൻ ജോലി വാഗ്ദാനം നൽകി പണം വാങ്ങിയതായാണ്‌ പരാതിയിൽ പറയുന്നത്. പ്രാദേശിക നേതാക്കളായ യുകെ പ്രേമൻ, സിടി ചന്ദ്രൻ എന്നിവരാണ്‌ എൻഎം വിജയനൊപ്പം പണം വാങ്ങുമ്പോൾ ഉണ്ടായിരുന്നതെന്നും പരാതിയിലുണ്ട്‌. 5 ലക്ഷം രൂപയാണ് നൽകിയതെന്നും യുകെ പ്രേമനാണ് വാങ്ങിയതെന്നും പരാതിയിൽ പറയുന്നു.

പണം കൈപ്പറ്റിയതിന്‍റെ ഒരു രേഖയും തരുകയുണ്ടായില്ലെന്നും പരാതിയിൽ പറയുന്നു.ഐസി ബാലകൃഷ്ണനുവേണ്ടി 15 ലക്ഷം ഓഫീസ്‌ സ്റ്റാഫ്‌ കോഴ വാങ്ങിയെന്ന പരാതിക്ക് പിന്നാലെയാണ് പുതിയ പരാതി വന്നിരിക്കുന്നത്. ജനുവരി 10 നാണ് ബത്തേരി അർബൻ ബാങ്കിലെ നിയമന ശുപാർശയിൽ ഐസി ബാലകൃഷ്ണനെതിരെ ആദ്യ പരാതി പൊലീസിൽ നൽകുന്നത്.

 

ഐസി ബാലകൃഷ്ണൻ പദവി ദുരുപയോഗം ചെയ്തുവെന്നും ഇതേ കാര്യം എൻഎം വിജയന്‍റെ ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കുന്നുണ്ടെന്നും പരാതിയിൽ പറയുന്നു. ബത്തേരി അർബൻ ബാങ്കിൽ നിയമനത്തിനായി ഐസി ബാലകൃഷ്ണൻ ശുപാർശ നൽകിയതിന്‍റെ ശുപാർശ കത്ത്‌ പുറത്തായതിന് പിന്നാലെയാണ് പരാതി നൽകിയത്.

ഇന്നലെ, ബത്തേരി അർബൻ ബാങ്ക്‌ നിയമന കോഴയിൽ വകുപ്പ്‌ തല അന്വേഷണത്തിന്‌ ഉത്തരവിട്ടിരുന്നു. ഡിസിസി ട്രഷറർ എൻഎം വിജയന്‍റെ മരണവുമായി ബന്ധപ്പെട്ടുയർന്ന നിയമന വിവാദത്തിലാണ്‌ വിശദാന്വേഷണത്തിന്‌ സഹകരണ വകുപ്പ്‌ തീരുമാനം. എൻഎം വിജയന്റെ സഹകരണ ബാങ്കുകളിലെ ബാധ്യത സംബന്ധിച്ചും അന്വേഷണം നടക്കും. വിജയന്‍റെ ആത്മഹത്യക്കുറിപ്പിലെ വിവരങ്ങൾ സ്ഥിരീകരിക്കുന്നതായിരുന്നു പ്രാഥമികാന്വേഷണ റിപ്പോർട്ട്‌.

സഹകരണ സംഘം ജോയിന്റ്‌ രജിസ്ട്രാറിന്‍റേതാണ്‌ ഉത്തരവ്‌. ബത്തേരി അർബൻ ബാങ്ക്‌, പൂതാടി, ബത്തേരി, മടക്കിമല ബാങ്ക്‌, ബത്തേരി കാർഷിക ഗ്രാമ വികസന ബാങ്ക്‌ എന്നിവിടങ്ങളിലെ നിയമനങ്ങൾ സംബന്ധിച്ച്‌ വിശദവും സമഗ്രവുമായ അന്വേഷണത്തിനാണ്‌ നിർദ്ദേശം. ഉത്തരവിറങ്ങി മുപ്പത്‌ ദിവസത്തിനകം റിപ്പോർട്ട്‌ സമർപ്പിക്കണം.

 

അതേ സമയം, എൻഎം വിജയന്‍റെ മരണത്തിൽ ഐസി ബാലകൃഷണൻ എംഎൽഎയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. നാളെ വീണ്ടും ചോദ്യം ചെയ്യും. കൽപ്പറ്റ പോലീസ്‌ ഹെഡ്‌ ക്വാർട്ടർ ക്യാമ്പിലായിരുന്നു ചോദ്യം ചെയ്യൽ. അർബൻ ബാങ്കിൽ അനധികൃത നിയമനത്തിന്‌ ശുപാർശ നൽകിയതുൾപ്പെടെയുള്ള കാര്യങ്ങളിൽ എംഎൽഎയിൽ നിന്ന് അന്വേഷണ സംഘം വിശദാംശങ്ങൾ തേടി.

രാവിലെ 11 മണിക്കാണ്‌ ഐസി ബാലകൃഷണൻ ചോദ്യം ചെയ്യലിന്‌ ഹാജരായത്‌. അന്വേഷണ സംഘം തലവൻ കെകെ അബ്ദുൾ ഷെരീഫ്‌ ഉൾപ്പെടെയുള്ള ക്രൈം ബ്രാഞ്ച്‌ -പോലീസ്‌ അന്വേഷണ സംഘം 10 മണിക്ക്‌ തന്നെ പുത്തൂർ വയൽ ക്യാമ്പിലെത്തിയിരുന്നു.ഇന്നലെ ഡിസിസി പ്രസിഡന്റ്‌ എൻഡി അപ്പച്ചന്‍റേയും കെകെ ഗോപിനാഥന്‍റേയും ചോദ്യം ചെയ്യൽ പൂർത്തിയായതിന്‌ പിന്നാലെയാണ്‌ ഐ സി ബാലകൃഷൺ അന്വേഷണ സംഘത്തിന്‌ മുന്നിലെത്തിയത്‌.