സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികം: ‘എന്റെ കേരളം’മെഗാ എക്‌സിബിഷന് കണ്ണൂരില്‍ തുടക്കമായി

1 min read
SHARE

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള എന്റെ കേരളം മെഗാ എക്‌സിബിഷന്‍ കണ്ണൂരില്‍ ആരംഭിച്ചു. സര്‍ക്കാരിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള ജില്ലാതല പരിപാടികളും എക്‌സിബിഷനും ഈ മാസം 17 വരെയാണ് കണ്ണൂരില്‍ നടക്കുക. കണ്ണൂര്‍ പൊലീസ് മൈതാനിയിലാണ് എന്റെ കേരളം മെഗാ എക്‌സിബിഷന്‍ ഒരുക്കിയിട്ടുള്ളത്. ദേവസ്വം, പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണനാണ് കണ്ണൂരിലെ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. പലരും അസാധ്യമെന്ന് പറഞ്ഞ വികസന പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ രാധാകൃഷ്ണന്‍ പറഞ്ഞു.പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഭരണകാലം കേരളത്തിന്റെ വികസനചരിത്രത്തിലെ നിര്‍ണായക കാലഘട്ടമാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. ഒരു ഭാഗത്ത് സര്‍ക്കാര്‍ ധാരാളം വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുകയും മറുഭാഗത്ത് പാര്‍ശ്വവത്കൃത സമൂഹങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരവും കണ്ടു. കേന്ദ്ര സര്‍ക്കാരിന്റെ സര്‍വെ പ്രകാരം ലോകം വലിയ രീതിയിലുള്ള ദാരിദ്ര്യത്തിലേക്ക് പോവുകയാണ്. 35 കോടി ജനതയാണ് ഇന്ത്യയില്‍ ദാരിദ്ര്യത്തിലേക്ക് തള്ളപ്പെട്ടത്. എന്നാല്‍ കേരളത്തില്‍ 0.7 ശതമാനം അതിദരിദ്രര്‍ മാത്രമാണുള്ളത്. 64006 പേരുടെ ജീവിതം കൂടി മെച്ചപ്പെടുത്തിയാല്‍ അതിദരിദ്രരില്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.സര്‍ക്കാരിന്റെ വികസന വിഡിയോ സ്വിച്ച് ഓണ്‍ ചെയ്താണ് പരിപാടി മന്ത്രി കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് പുറത്തിറക്കിയ കണ്ണൂര്‍ ഗസറ്റ് പ്രത്യേക പതിപ്പിന്റെ പ്രകാശനം കടന്നപ്പള്ളി രാമചന്ദ്രന്‍ എംഎല്‍എയ്ക്ക് നല്‍കി നിര്‍വഹിച്ചു. എം. പിമാരായ ഡോ.വി.ശിവദാസന്‍, ഡോ.ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ മുഖ്യാതിഥികളായി. എം.എല്‍.എമാരായ കെ.കെ. ശൈലജ , കെ.പി.മോഹനന്‍, എം.വിജിന്‍, കെ.വി.സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, ജില്ലാ കളക്ടര്‍ എസ്.ചന്ദ്രശേഖര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു