സുനിത വില്യംസ് ബഹിരാകാശത്ത് ‘കുടുങ്ങിയതിൽ’ രാഷ്ട്രീയമോ? ഇലോണ്‍ മസ്‌കിന് മറുപടിയുമായി അമ്മ.

1 min read
SHARE

അമേരിക്കൻ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസിന്റേയും സഹയാത്രികൻ ബച്ച് വിൽമോറിന്റേയും ഭൂമിയിലേക്കുള്ള തിരിച്ചുവരവ് ഇനിയും വൈകുകയാണ്. ഇതുമായി ബന്ധപ്പെട്ട ഒട്ടേറെ വിവാദങ്ങളും അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. വിഷയത്തിൽ ഇപ്പോൾ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് സുനിത വില്യംസിന്‍റെ അമ്മ ബോണി പാണ്ഡ്യ.തന്റെ മകള്‍ ബഹിരാകാശ നിലയത്തിലുള്ളതില്‍ സന്തോഷവും അഭിമാനവുമാണ് തനിക്കുള്ളതെന്ന് ബോണി പാണ്ഡ്യ പറയുന്നു. ബഹിരാകാശ യാത്രികര്‍ ദൈര്‍ഘ്യമേറിയ ദൗത്യങ്ങള്‍ക്കായി ബഹിരാകാശത്ത് പോവുന്നത് സാധാരണമാണ്. അവരുടെ ജോലിയാണത്. അവര്‍ക്കത് ചെയ്യാന്‍ ഇഷ്ടവുമാണ്. ഇതുപോലെ നീണ്ട ദൗത്യത്തിന് പോകാന്‍ കഴിയുകയെന്നത് അവര്‍ക്ക് ഒരു ബഹുമതിയാണെന്നും അവര്‍ അതില്‍ എത്രയധികം സന്തോഷപ്പെടുന്നുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ എന്നും ന്യൂസ് സ്റ്റേഷന് നല്‍കിയ പ്രതികരണത്തില്‍ ബോണി പാണ്ഡ്യ പറഞ്ഞു. മസാച്യുസെറ്റ്‌സിലെ ഫാള്‍മൗത്തിലാണ് സുനിതവില്യംസിന്റെ അമ്മ താമസിക്കുന്നത്.”

ബഹിരാകാശ യാത്രികര്‍ക്ക് കുടുങ്ങിപ്പോയതായി തോന്നില്ല. അവര്‍ ഇതുവരെ തിരിച്ചുവന്നില്ലെന്ന് കേള്‍ക്കുന്നത് ആശ്ചര്യകരമാണ് എന്നത് സമ്മതിക്കുന്നു. പക്ഷെ ഇങ്ങനെയുള്ള കാലതാമസമുണ്ടാവും. മൂന്ന് തവണ അതിനായി ശ്രമിച്ചുകഴിഞ്ഞു. ചിലപ്പോള്‍ അതിന് കുറച്ച് സമയമെടുത്തേക്കാം.

ദീര്‍ഘകാലം സുനിത വില്യംസുമായി അകന്നു കഴിയുന്നത് തനിക്ക് ശീലമായെന്നും ബോണി പറയുന്നു. സുനിത മുമ്പും ബഹിരാകാശത്ത് പോയിട്ടുണ്ട്. തനിക്ക് ഇതേകുറിച്ച് ആശങ്കയില്ലെന്നും കാരണം എന്താണ് താന്‍ ചെയ്യുന്നതെന്ന് സുനിതക്ക് അറിയാമെന്നും മറ്റെല്ലായിടത്തേയും പോലെ ബഹിരാകാശവും സുരക്ഷിതമാണെന്നാണ് വിശ്വസിക്കുന്നതെന്നും ബോണി പറഞ്ഞു.”അതേസമയം ജോ ബൈഡന്‍ സുനിത വില്യംസിനെയും ബച്ച് വില്‍മോറിനെയും ബഹിരാകാശത്ത് ഒറ്റപ്പെടുത്തിയെന്ന ഇലോണ്‍ മസ്‌കിന്റെ വാദം ബോണി നിഷേധിച്ചു.”