ചന്ദ്രനില്‍ ഉടന്‍ മൊബൈല്‍ നെറ്റ്‌വര്‍ക്ക് എത്തും, ദൗത്യവുമായി നോക്കിയ ചന്ദ്രനിലേക്ക്

1 min read
SHARE
പുതിയ ചാന്ദ്രദൗത്യത്തിന് ഒരുങ്ങുകയാണ് നാസ. ഇന്ന് പുതിയ അഥീന ലാന്റര്‍ വിക്ഷേപിക്കും. ഈ ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനില്‍ ആദ്യമായി മൊബൈല്‍ നെറ്റ് വര്‍ക്ക് സ്ഥാപിക്കപ്പെടും.ഇന്റൂയിറ്റീവ് മെഷീനിന്റെ ഐഎം-2 ദൗത്യത്തിന്റെ ഭാഗമായാണ് ഈ ദൗത്യം. നോക്കിയയുമായി ചേര്‍ന്നാണ് ചന്ദ്രനില്‍ മൊബൈല്‍ നെറ്റ്‌വർക്ക് സ്ഥാപിക്കുക.
ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് വിക്ഷേപണം. മാര്‍ച്ച് ആറിനാണ് പേടകം ചൊവ്വയില്‍ ഇറങ്ങുക.
നോക്കിയ വികസിപ്പിച്ച ലൂണാര്‍ സര്‍ഫേസ് കമ്മ്യൂണിക്കേഷന്‍ സിസ്റ്റം എന്ന സാങ്കേതിക വിദ്യയാണ് അഥീന ലാന്ററില്‍ ചന്ദ്രനിൽ എത്തുക. ഭൂമിയില്‍ ഉപയോഗിക്കുന്ന അതേ സെല്ലുലാര്‍ സാങ്കേതിക വിദ്യയാണ് കണക്ടിവിറ്റി എത്തിക്കുന്നതിനായി ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഈ നെറ്റ്‌വർക്കിൻ്റെ സഹായത്തോടെ ഉയര്‍ന്ന നിലവാരത്തില്‍ വീഡീയോ സ്ട്രീം ചെയ്യാനും കമാന്റ്-കണ്‍ട്രോള്‍ ആശയവിനിമയങ്ങള്‍ എളുപ്പമാക്കാനും ലാന്ററും ചാന്ദ്ര വാഹനങ്ങളും തമ്മിൽ ഡാറ്റാ കൈമാറ്റം സുഗമമാക്കാനും സാധിക്കും.ഇന്റൂയിറ്റീവ് മെഷീന്‍സിന്റെ മൈക്രോ നോവ ഹോപ്പര്‍, ലൂണാര്‍ ഔട്ട്‌പോസ്റ്റിന്റെ മൊബൈല്‍ ഓട്ടോണമസ് പ്രോസ്‌പെക്ടിങ് പ്ലാറ്റ്‌ഫോം (മാപ്പ്) റോവര്‍ എന്നീ രണ്ട് വാഹനങ്ങളാണ് അഥീന ലാന്ററില്‍ ചന്ദ്രനിലെത്തുക.

നോക്കിയയുടെ ഉപകരണങ്ങള്‍ ഉപയോഗിച്ച് പുതിയ നെറ്റ്‌വർക്കിൻ്റെ സഹായത്തോടെയാണ് ലാന്ററുമായി വിവരവിനിമയം നടത്തുക.

മൊബൈല്‍ നെറ്റ്‌വർക്ക് വിന്യസിക്കുന്നതിനൊപ്പം നാസയുടെ പോളാര്‍ റിസോഴ്‌സസ് ഐസ് മൈനിങ് എക്‌സ്പിരിമെന്റ്-1 പരീക്ഷണവും ദൗത്യത്തിന്റെ ഭാഗമായി നടത്തും. ചന്ദ്രോപരിതലത്തില്‍ ദ്വാരമുണ്ടാക്കി സാമ്പിൾ ശേഖരിക്കുകയും സ്‌പെക്ട്രോമീറ്റര്‍ ഉപയോഗിച്ച് വിശകലനം ചെയ്യുകയും ചെയ്യും.

ബഹിരാകാശത്തെ ആശയവിനിമയ രംഗത്തെ നാഴികക്കല്ലാകുന്ന നേട്ടമായാണ് ശാസ്ത്ര ലോകം ഈ ദൗത്യത്തെ കാണുന്നത്. ആര്‍ട്ടെമിസ് ഉള്‍പ്പടെ ചന്ദ്രനിലെ മനുഷ്യരുടെ സ്ഥിരവാസം ലക്ഷ്യമിട്ടുള്ള ഭാവി ചാന്ദ്ര ദൗത്യങ്ങള്‍ക്ക് ഇത് നേട്ടമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.