ചാംപ്യൻസ് ട്രോഫി ജേതാക്കൾക്ക് ലഭിക്കുക കോടികൾ; പക്ഷേ റിഷഭ് പന്തിന്റെ ഐപിഎൽ പ്രതിഫലത്തേക്കാൾ കുറവ്
1 min read

ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് ജേതാക്കളായ ഇന്ത്യൻ ടീമിന് സമ്മാനത്തുകയായി ലഭിക്കുക 2.24 മില്യണ്‍ ഡോളര്‍ (ഏകദേശം 19.45 കോടി രൂപ). എന്നാൽ ഐപിഎല്ലിൽ ഇത്തവണ റിഷഭ് പന്തിന് ലഭിക്കാൻ പോകുന്ന തുകയേക്കാൾ കുറവാണ് ഈ തുകയെന്നതാണ് മറ്റൊരു വസ്തുത. ഇന്ത്യൻ യുവവിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിനെ 27 കോടി രൂപയ്ക്കാണ് ലഖ്നൗ സൂപ്പർ ജയന്റ്സ് ടീമിലെത്തിച്ചത്.
ചാംപ്യൻസ് ട്രോഫിയിൽ റണ്ണേഴ്സ് അപ്പുകളായ ന്യൂസിലാൻഡ് ടീമിന് ലഭിക്കുക 1.12 മില്യണ്‍ ഡോളറാണ് (ഏകദേശം 9.72 കോടി രൂപ). സെമി ഫൈനൽ കളിച്ച ക്ഷിണാഫ്രിക്കക്കും ഓസ്ട്രേലിയക്കും 5.4 കോടി രൂപ വീതം സമ്മാനത്തുകയായി ലഭിക്കും. അഞ്ചാം സ്ഥാനത്തെത്തിയ അഫ്ഗാനിസ്ഥാനും ആറാം സ്ഥാനത്തിയ ബംഗ്ലാദേശിനും മൂന്ന് കോടി രൂപ വീതവും സമ്മാനത്തുകയായി ലഭിക്കും. ഏഴാം സ്ഥാനത്തെത്തിയ പാകിസ്താനും എട്ടാം സ്ഥാനത്തായ ഇംഗ്ലണ്ടിനും 1.21 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിക്കുന്നത്. ആകെ 6.9 മില്യൺ ഡോളറാണ് (ഏകദേശം 59.9 കോടി രൂപ) ചാംപ്യൻസ് ട്രോഫിയില്‍ സമ്മാനത്തുകയായി ഇത്തവണ വിതരണം ചെയ്തത്.കഴിഞ്ഞ തവണത്തെ ചാംപ്യൻസ് ട്രോഫിയിൽ വിതരണം ചെയ്തതിനേക്കാൾ 53 ശതമാനം തുകയുടെ വർധനവ് ഇത്തവണ സമ്മാനത്തുകയിൽ വരുത്തിയിരുന്നു. 2017ൽ ചാംപ്യൻസ് ട്രോഫിയിൽ ആകെ വരുമാനത്തുക 4.5 മില്യൺ ഡോളർ (39.29 കോടി രൂപ) ആയിരുന്നു. ചാംപ്യന്മാരായ പാകിസ്താന് 2.2 മില്യണ്‍ ഡോളര്‍ ആയിരുന്നു പ്രതിഫലം.
