ഉപയോഗിക്കാത്ത ലൈബ്രറികള്‍ പരാജയമാണ്: ടി പത്മനാഭന്‍
1 min read
                
ആധുനിക സൗകര്യങ്ങളും വേണ്ടത്ര പുസ്തകങ്ങളും ഉണ്ടായിട്ടും ഉപയോഗിക്കുന്നില്ലെങ്കില്‍ ആ ലൈബ്രറി പരാജയമാണെന്ന് കഥാകൃത്ത് ടി പത്മനാഭന്‍ പറഞ്ഞു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതി സംഘടിപ്പിക്കുന്ന 17-ാമത് പുസ്തകോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം വിദ്യാര്‍ഥികളെ പഠിപ്പിക്കരുതെന്നാണ് ഇപ്പോള്‍ പറയുന്നത്. ചാണകം ദേഹത്ത് തേച്ചാല്‍ കൊവിഡ് മാറുമെന്നായിരുന്നു കൊവിഡ് കാലത്തെ പ്രചരണം. എന്നാല്‍ ചരക സംഹിതയിലോ അഷ്ടാംഗ ഹൃദയത്തിലോ ഈ ചാണക പ്രയോഗം കാണാനില്ല. പിന്നെ ഇത് എവിടുന്ന് കിട്ടി എന്നറിയില്ല. നാട് ആന്ധകാരത്തിലേക്ക് തിരിച്ച് പോവുമ്പോള്‍ അതിന് തടയണയായി വര്‍ത്തിക്കാന്‍ ലൈബ്രറി പ്രസ്ഥാനങ്ങള്‍ക്ക് സാധിക്കണം. സാക്ഷരതയുടെ കാര്യത്തില്‍ ഇന്ത്യയില്‍ മികച്ച് നില്‍ക്കുന്ന സംസ്ഥാനം കേരളമാണ്. ലൈബ്രറി പ്രസ്ഥാനം ഇത്രമാത്രം വളര്‍ന്ന മറ്റ് പ്രവിശ്യയുമില്ല. അതിനാല്‍ ഇവിടെ ആധുനിക സൗകര്യങ്ങളും നിരവധി പുസ്‌കങ്ങളുമുള്ള ലൈബ്രറികളുണ്ട്. അടുത്ത കാലത്ത് എല്ലാവിധ സൗകര്യങ്ങളുമുള്ള ഒരു ലൈബ്രറിയുടെ ഉദ്ഘാടനത്തിന് പോകാന്‍ ഇടയായി. ലൈബ്രറി നേരത്തെ സജ്ജമായിരുന്നെങ്കിലും വിശിഷ്ടാതിഥികളെ ലഭിക്കാത്തതിനാലാണ് ചടങ്ങ് വൈകിയത്. ഉദ്ഘാടന ശേഷം സംഘാടകര്‍ എന്നോട് റാക്കില്‍ നിന്നും പുസ്തകം എടുത്ത് വായിക്കാമോ എന്ന് ചോദിച്ചു. അതനുസരിച്ച് തൊട്ടടുത്തുള്ള റാക്കില്‍ നിന്നും ഒരു പുസ്തകമെടുത്തു. അത് പ്രശസ്തനായ രാമചന്ദ്ര ഗുഹ മഹാത്മാഗാന്ധിയെ കുറിച്ച് എഴുതിയതായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യമെന്ന് പറയട്ടെ പുസ്തകത്തിന് പുറത്തുള്ള കവര്‍ പോലും പൊട്ടിച്ചിരുന്നില്ല. ഇങ്ങനെ റാക്കില്‍ പ്രദര്‍ശിപ്പിക്കുക മാത്രമാണ് അവിടെ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

