കൈയ്യിൽ കർപ്പൂരം കത്തിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ വനിതാ CPO ഉദ്യോഗാർഥികളുടെ പ്രതിഷേധം
1 min read

നിരാഹാര സമരം ഏഴാം ദിവസം പിന്നിടുമ്പോൾ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ശക്തമാക്കി വനിതാ സിവിൽ പൊലീസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട സി പി ഒ ഉദ്യോഗാർഥികൾ. കൈയ്യിൽ കർപ്പൂരം കത്തിച്ചുകൊണ്ടായിരുന്നു ഉദ്യോഗാർഥികളുടെ പ്രതിഷേധം.റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പ്രതിഷേധം കടുപ്പിക്കുന്നത്. തികച്ചും വൈകാരികമായ നിമിഷങ്ങൾക്കായിരുന്നു സെക്രട്ടറിയേറ്റ് സാക്ഷ്യം വഹിച്ചത്. നേരത്തെ സെക്രട്ടറിയേറ്റിനു മുന്നിലെ നടപ്പാതയിലെ ഇൻർലോക്കിലൂടെ മുട്ടിലിഴഞ്ഞ് നടത്തിയ സമരത്തിനിടയിലും ചിലർ തലകറങ്ങി വീണിരുന്നു.ഈ മാസം 19നാണ് വനിതാ സി പി ഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നത്. സമയം അവസാനിക്കുന്നതിന് മുൻപ് പരമാവധി നിയമനം നടത്തുക, നിയമനം വേഗത്തിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉദ്യോഗാർഥികൾ സമരം ചെയ്യുന്നത്. പല ജില്ലകളിൽ നിന്നുള്ള ഉദ്യോഗാർഥികൾ നടത്തുന്ന രാപ്പകൽ സമരം 12 ദിവസം പിന്നിട്ടു. നിലവിൽ 964 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽ 235 നിയമനം മാത്രമാണ് ആകെ നടപ്പിലാക്കിയിട്ടുള്ളത്.
