April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 13, 2025

ഗുരുവായൂരിൽ വിഷുക്കണി ദർശനം പുലർച്ചെ 2.45ന് തുടങ്ങും; സ്പെഷ്യൽ, വിഐപി ദർശനങ്ങൾക്ക് നിയന്ത്രണം

1 min read
SHARE

ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം ഏപ്രിൽ 14ന് പുലർച്ചെ 2.45 മുതൽ 3.45 വരെയായിരിക്കുമെന്ന് ദേവസ്വം അറിയിച്ചു. ക്ഷേത്ര ശ്രീകോവിലിൽ ഗുരുവായൂരപ്പന്‍റെ വിഗ്രഹത്തിന് വലതുഭാഗത്താണ് വിഷുക്കണി ഒരുക്കുക. സ്വർണ സിംഹാസനത്തിൽ കണ്ണന്‍റെ തങ്കത്തിടമ്പ് എഴുന്നള്ളിച്ചുവച്ച് ആലവട്ടം, വെഞ്ചാമരം, നെറ്റിപ്പട്ടം എന്നിവ കൊണ്ടലങ്കരിക്കും.

ഓട്ടുരുളിയിൽ ഉണക്കലരി, വെള്ളരിക്ക, കണിക്കൊന്ന, ചക്ക, മാങ്ങ, വാൽക്കണ്ണാടി, ഗ്രന്ഥം, അലക്കിയ മുണ്ട്, സ്വർണം, പുതുപ്പണം എന്നിവ കൊണ്ട് കണി ഒരുക്കും. നാലമ്പലത്തിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ഭക്തർക്ക് കണി കാണാനായി നമസ്കാര മണ്ഡപത്തിലും കണിയൊരുക്കും. മേൽശാന്തി കവപ്രമാറത്ത് അച്യുതൻ നമ്പൂതിരി പുലർച്ചെ രണ്ടിനുശേഷം കീഴ്ശാന്തിക്കാർക്കൊപ്പം ശ്രീലകവാതിൽ തുറക്കുമെന്നും ദേവസ്വം അറിയിച്ചു.

നാളീകേരമുടച്ച് തിരിയിട്ട് കത്തിച്ച് ഓട്ടുരുളിയിലെ കണി കാണിച്ച് വിഷുക്കൈനീട്ടം നൽകും. സ്വർണ സിംഹാസനത്തിൽ കണിക്കോപ്പ് ഒരുക്കി മേൽശാന്തിയടക്കം പുറത്തു കടന്നാൽ ഭക്തർക്ക് കണി കണ്ടു തൊഴാം. തൊഴുതു വരുന്നവർക്ക് മേൽശാന്തി വിഷുക്കൈനീട്ടം നൽകും. ക്ഷേത്രത്തിൽ കാഴ്ചശീവേലിയോടെ വിഷു വിളക്ക് ആഘോഷിക്കും. സ്പെഷ്യൽ, വിഐപി ദർശനം ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് അറിയിച്ചു.

ഭക്തരുടെ തിരക്ക് പരിഗണിച്ച് ക്ഷേത്രത്തിൽ 12 മുതൽ 20 വരെ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ സ്പെഷ്യൽ ദർശനം, വിഐപി ദർശനം എന്നിവ ഉണ്ടാകില്ല. ക്യൂ നിന്ന് ദർശനം നടത്തുന്നവർക്കാകും പരിഗണന. 1000 രൂപയുടെ നെയ് വിളക്ക് വഴിപാട് നടത്തുന്നവർക്ക് പ്രത്യേക ദർശന സൗകര്യം ഉണ്ടാകുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.