തളിപ്പറമ്പിൽ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച് വിൽപ്പന നടത്തുകയായിരുന്ന വൻ പടക്ക ശേഖരം പിടികൂടി
1 min read

വീട്ടിൽ അനധികൃതമായി സൂക്ഷിച്ച് വിൽപ്പന നടത്തുകയായിരുന്ന സ്ഫോടക വസ്തുക്കളുടെ വൻശേഖരവുമായി മൂന്ന് തമിഴ്നാട് സ്വദേശികളെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. വിഷു വിപണി ലക്ഷ്യമിട്ട് തമിഴ് നാട്ടിലെ ശിവകാശിയിൽ നിന്നാണ് പടക്കങ്ങൾ എത്തിച്ചത്.ഞാറ്റുവയൽ റെഡ്സ്റ്റാർ വായനശാലക്ക് സമീപത്തെ ലക്ഷ്മി നിവാസിലെ താമസക്കാരായ സൺമഹേന്ദ്രൻ (40), സഹോദരങ്ങളായ മഹേന്ദ്രൻ (35), മുനീഷ്കുമാർ (33) എന്നിവരെയാണ് എസ് ഐ : കെ വി സതീശന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വിഷു വിപണിയിൽ വലിയ രീതിയിൽ നിയമ വിരുദ്ധ പടക്ക വിൽപ്പന നടക്കുന്നുവെന്ന രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തത്.
ലൈസൻസില്ലാതെ നിയമവിരുദ്ധമായി പടക്കങ്ങൾ അപകടം വരാൻ സാധ്യതയുള്ള രീതിയിൽ സൂക്ഷിച്ചുവെന്നാണ് പോലീസ് പറയുന്നത്. ഒരു ലക്ഷം രൂപക്ക് ശിവകാശിയിൽ നിന്നാണ് പടക്കങ്ങൾ വാങ്ങിയതെന്ന് പിടിയിലായവർ പൊലിസിനോട് പറഞ്ഞു.
തളിപ്പറമ്പിലെത്തിച്ച പടക്കങ്ങൾ നാല് ലക്ഷത്തോളം രൂപക്ക് വിൽപ്പന നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം.
വീടിന്റെ അടുക്കളയിൽ ചാക്ക്, കാർഡ്ബോർഡ് എന്നിവയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്ഫോടക വസ്തുക്കൾ ഉണ്ടായിരുന്നത്.തമിഴ്നാട് സ്വദേശികളായ പ്രതികൾ ഏറെ നാളായി ഞാറ്റുവയലിൽ താമസിച്ചുവരികയാണ്.
എ എസ് ഐ മാരായ ഷിജോ അഗസ്തിൻ, അരുൺകുമാർ പൂക്കോട്ടി, സീനിയർ
സി പി ഒ വിജു മോഹൻ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
